നോട്ടുനിരോധനത്തിന്റെ 'ഇര'കള്‍ക്ക് മമതയുടെ ആശ്വാസനിധി
കൊല്‍ക്കത്ത: നോട്ടുനിരോധനത്തിന്റെ ഇരകള്‍ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് നോട്ടുനിരോധനംമൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് മമത ആശ്വാസനിധി പ്രഖ്യാപിച്ചത്.
നോട്ടുനിരോധനംമൂലം വിവിധ സംസ്ഥാനങ്ങളിലും ബംഗാളിലുമായി തൊഴില്‍ നഷ്ടപ്പെട്ട മുഴുവന്‍പേര്‍ക്കും 50,000 രൂപ നല്‍കുമെന്നാണ് ബജറ്റ് അവതരിപ്പിച്ച് പ. ബംഗാള്‍ സാമ്പത്തികകാര്യ മന്ത്രി അമിത് മിത്ര പ്രഖ്യാപിച്ചത്. ആകെ 250 കോടി രൂപയുടെ ആശ്വാസനിധിയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ നോട്ടുനിരോധനം കാരണം സംസ്ഥാനത്തേക്കുതന്നെ തിരിച്ചെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വളരെ ശോചനീയമായ അവസ്ഥയിലാണ് അവര്‍ കഴിയുന്നത്. തൊഴിലാളികള്‍ക്ക് 50,000 രൂപയുടെ ഒറ്റത്തവണ സഹായം വിതരണം ചെയ്യും. അതുവഴി അവര്‍ക്കു പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനാകും-അമിത് മിത്ര പറഞ്ഞു. നോട്ടുനിരോധനം കാരണം ജോലി നഷ്ടപ്പെട്ടവരെ കണ്ടെത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കിയതായും മിത്ര അറിയിച്ചു. നോട്ടുനിരോധനം പ്രതികൂലമായി ബാധിച്ച കര്‍ഷകര്‍ക്കായി 100 കോടി രൂപയുടെ പ്രത്യേക ഫണ്ടും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനെതിരേ ശക്തമായ വിമര്‍ശനമായിരുന്നു മമതാ ബാനര്‍ജി ഉയര്‍ത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."