കാഴ്ച പരിമിതരുടെ ടി20 ലോകകപ്പ് ഇന്ത്യ കിരീടം നിലനിര്‍ത്തി
ബംഗളൂരു: കാഴ്ച പരിമിതരുടെ ടി20 ലോക കിരീടം ഇന്ത്യ നിലനിര്‍ത്തി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബദ്ധവൈരികളായ പാകിസ്താനെ ഒന്‍പതു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 200 റണ്‍സിലെത്തിച്ച് മറികടന്നു.
വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് അജയ് കുമാര്‍ റെഡ്ഡിയും പ്രകാശ ജയരാമയ്യയും മികച്ച തുടക്കമാണു നല്‍കിയത്. 43 റണ്‍സെടുത്ത റെഡ്ഡിയുടെ വിക്കറ്റ് മാത്രമാണു ഇന്ത്യക്ക് നഷ്ടമായത്. ഓപണിങ് വിക്കറ്റില്‍ റെഡ്ഡിയും ജയരാമയ്യയും ചേര്‍ന്നു 110 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. മൂന്നാമനായി ക്രീസിലെത്തിയ കേതന്‍ പട്ടേല്‍ 26 റണ്‍സെടുത്തു നില്‍ക്കേ റിട്ടയേര്‍ഡ് ഹര്‍ടായി. പിന്നീട് ക്രീസിലെത്തിയ ദുന്ന വെങ്കിടേഷിനൊപ്പം ജയരാമയ്യ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു. 60 പന്തുകള്‍ നേരിട്ട് 15 ഫോറുകളുമായി ജയരാമയ്യ 99 റണ്‍സുമായി പുറത്താകാതെ നിന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണു ജയരാമയ്യ പുറത്തെടുത്തത്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. 37 പന്തില്‍ 57 റണ്‍സ് വാരിയ ബദര്‍ മുനീറാണു അവരുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് ജാമില്‍ 24 റണ്‍സെടുത്തു. ഇന്ത്യക്കായി കേതന്‍ പട്ടേല്‍, ജാഫര്‍ ഇഖ്ബാല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രകാശ് ജയരാമയ്യയാണ് മാന്‍ ഓഫ് ദി മാച്ച്. മാന്‍ഒഫ് ദി സീരിസ് ബി വണ്‍ വിഭാഗത്തില്‍ പാകിസ്താന്റെ റിയാസത്ത് ഖാനും ബി ടുവില്‍ പാകിസ്താന്റെ തന്നെ ബദര്‍ മുനീറിനെയും ബി ത്രീയില്‍ ശ്രീലങ്കയുടെ സുരംഗ സമ്പത്തിനെയും തിരഞ്ഞെടുത്തു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണു ഇന്ത്യ പുറത്തെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലെ ഒന്‍പതില്‍ എട്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ഒറ്റ തോല്‍വിയാണു ഇന്ത്യ നേരിട്ടത്. അതു പാകിസ്താനോടായിരുന്നു. അതിനുള്ള പ്രതികാരം വീട്ടാനും ഫൈനലിലെ നിര്‍ണായക വിജയത്തിലൂടെ ഇന്ത്യക്കായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യ ടി20 ലോകകപ്പ് ചാംപ്യന്മാരാകുന്നത്. കഴിഞ്ഞ തവണയും പാകിസ്താനെ കീഴടക്കിയാണു ഇന്ത്യ കിരീടം നേടിയത്. നേരത്തെ ഏഷ്യാകപ്പ്, 2014ലെ ഏകദിന ലോകകപ്പ്, ടി20 തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളിലും പാകിസ്താനെതിരേ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."