മുക്കത്തെ അശാസ്ത്രീയ ട്രാഫിക് സംവിധാനത്തിനെതിരേ പ്രതിഷേധം ശക്തം
മുക്കം: അങ്ങാടിയിലും പരിസരത്തും ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങള്‍ക്കും മനുഷ്യക്കുരുതിക്കും മുഖ്യകാരണം അശാസ്ത്രീയ ട്രാഫിക് സംവിധാനമെന്ന് ആക്ഷേപം. ബസ്സ്റ്റാന്‍ഡിലേക്കുള്ള ബൈപ്പാസ് ആരംഭിക്കുന്ന ജങ്ഷനില്‍ കാരശ്ശേരി ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നിലാണ് ഒടുവിലുണ്ടായ അപകടം. വെള്ളിയാഴ്ച അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച 12കാരന്‍ ടിപ്പര്‍ ലോറിക്കടിയില്‍പെട്ടു മരിക്കുകയായിരുന്നു.
തിരക്കേറിയ ജങ്ഷനില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതു ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പി.സി ജങ്ഷന്‍ മുതല്‍ മുക്കംപാലം വരെയുള്ള നൂറു മീറ്റര്‍ റോഡ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ്.
അടുത്തിടെ 15 കോടി രൂപ ചെലവില്‍ പുനരുദ്ധാരണം നടത്തിയ താമരശ്ശേരിക്കും മുക്കത്തിനുമിടയിലെ 15 കിലോമീറ്റര്‍ പാതയിലുള്‍പ്പെടുന്നതാണ് ഈ ഭാഗം. എന്നാല്‍ ഇവിടെ റോഡിന്റെ വശങ്ങളില്‍ നടപ്പാതയും ഡ്രെയ്‌നേജുമൊന്നും നിര്‍മിച്ചില്ല. ഇവിടെ സിഗ്‌നല്‍ ലൈറ്റുകളും മുന്നറിയിപ്പ് ബോര്‍ഡുകളുമില്ല. ഈ അവസ്ഥയിലാണ് ഇരു ഭാഗത്തു നിന്നും ചീറിപ്പാഞ്ഞു വരുന്ന ബസുകള്‍ താരതമ്യേന വീതി കുറഞ്ഞ ബൈപ്പാസിലേക്ക് ഒരേസമയം പ്രവേശിക്കുന്നത്.
വടക്കുനിന്ന് തെക്കോട്ടുപോകുന്ന ബസുകളില്‍ ചിലത് ബൈപ്പാസിലേക്കു തിരിഞ്ഞു പോകുമ്പോള്‍ മറ്റുള്ളവ നേരെ അരീക്കോടു ഭാഗത്തേക്കു പോകുന്നവയാണ്. എന്നാല്‍, ജങ്ഷനില്‍ നിന്ന് ഏതു വാഹനം ഏതു ഭാഗത്തേക്കു തിരിയുമെന്ന് മനസിലാക്കാനാവാതെ മറ്റു വാഹനക്കാര്‍ ആശയക്കുഴപ്പത്തിലാകുന്നത് ഇവിടെ പതിവാണ്. സ്റ്റാന്‍ഡില്‍ നിന്നുള്ള ബസുകള്‍ പുറത്തേക്കു പോകാന്‍ മാത്രമായി ബൈപ്പാസ് ഉപയോഗിച്ചാല്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാനും അപകട സാധ്യത കുറയ്ക്കാനും സാധിക്കുമെന്നാണു വിദഗ്ധാഭിപ്രായം. ഇവിടെ ട്രാഫിക് സംവിധാനം പരിഷ്‌കരിക്കാനുള്ള നിര്‍ദേശം നഗരസഭയുടെ പരിഗണനയിലുണ്ടെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ ചരടുവലിയില്‍ പദ്ധതി മുടങ്ങിക്കിടക്കുകയാണ്.
സംസ്ഥാന പാതയില്‍ ഈ ഭാഗത്തു കഴിഞ്ഞ രണ്ടു മാസത്തിനകം ഏഴു മനുഷ്യ ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്.
ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടവരുടെ സംഖ്യയും ഏറെയാണ്. അടുത്ത അപകടത്തിനു കാത്തുനില്‍ക്കാതെ ശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണത്തിനു നഗരസഭാ അധികൃതര്‍ തയാറാവണമെന്നാണു പരിസരത്തെ വ്യാപാരികളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."