കേന്ദ്രത്തിന് ഇ - മെയില്‍ അയച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രവ്യോമയാന മന്ത്രിക്കും ഹജ്ജ് കാര്യ വകുപ്പ് മന്ത്രിക്കും അടിയന്തര ഇ മെയില്‍ സന്ദേശം അയച്ചു.
2014ല്‍ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റാനുണ്ടായ സാഹചര്യം മാറിയതായും കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കരിപ്പൂര്‍ വിമാനത്താവളം തന്നെയാണ് ഉചിതമെന്ന് മാത്രവുമല്ല തീര്‍ഥാടകര്‍ക്ക് ഇടത്താവളമായി നിര്‍മിച്ച ഹജ്ജ്ഹൗസും കരിപ്പൂരിലുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
കേന്ദ്രവ്യോമയാന മന്ത്രി, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി, കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, സി.ഇ.ഒ തുടങ്ങിയവര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അടിയന്തര സന്ദേശം അയച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഇന്നലെ ഹജ്ജ് ഹൗസിലെത്തി സ്ഥാനമേറ്റു. അന്തരിച്ച ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ ഖബറിടത്തില്‍ എത്തി അദ്ദേഹം പ്രാര്‍ഥനയും നടത്തി. ഹജ്ജ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."