ഒമാനി ബാലന്‍ ഹമദ് അബ്ദുല്ല ഇനി നടക്കും; നട്ടെല്ല് നിവര്‍ത്തി തന്നെ
കൊച്ചി: നട്ടെല്ല് ശസ്ത്രക്രിയക്ക് ശേഷം ഒമാനി ബാലന് 17 സെന്റി മീറ്റര്‍ ഉയരം കൂടി. പതിനാറുകാരനായ ഹമദ് അബ്ദുല്ല ജുമാ അല്‍ സാദിയ്ക്കാണ് അത്ഭുതകരമായ മാറ്റം. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടത്തിയ നട്ടെല്ല് ശസ്ത്രക്രിയയിലാണ് ഒമാനി ബാലന് ഉയരം കൂടിയത്. നട്ടെല്ലിന് വളവും കൂനും ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജനുമായ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അഞ്ചാമത്തെ വയസിലാണ് ഹമദിന് സ്‌കോളിയോസിസ് രോഗം കണ്ടുപിടിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
എന്നാല്‍, സങ്കീര്‍ണമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയവും അതിനുള്ള സൗകര്യക്കുറവും കാരണം ഹമദിന് കൃത്യമായ ചികിത്സ ലഭിച്ചില്ല. നട്ടെല്ലിന്റെ വളവ് കൂടിയതിനാല്‍ ഹമദിന് ശ്വാസതടസവും അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെയാണ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. കൃഷ്ണകുമാര്‍ തന്നെ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സ്‌കോളിയോസിസ് രോഗം ഭേദപ്പെട്ട ഒമാനിലെ സൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കുറിച്ച് ഹമദിന്റെ ബന്ധുക്കള്‍ അറിയുന്നത്. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയാണ് ഹമദ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്.
ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ടൈറ്റാനിയം സ്‌പൈനല്‍ പെഡിക്കിള്‍ സ്‌ക്രൂവിന്റെയും കോബാള്‍ട്ട് ക്രോം റോഡിന്റെയും സഹായത്താല്‍ നട്ടെല്ലിന്റെ വളവ് നിവര്‍ത്തി.
ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ ഹമദിനെ കണ്ട് ബന്ധുക്കള്‍ പോലും അത്ഭുതപ്പെട്ടു. അവന്റെ ഉയരം 162 ല്‍നിന്ന് 179 സെ.മീ ആയി വര്‍ധിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഒമാനില്‍ തിരിച്ചെത്തിയ ഹമദിനെ കാണാന്‍ ആളുകളുടെ ഒഴുക്കായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ ഹമദ് നാല് മാസത്തിന് ശേഷം പരിശോധനകള്‍ക്കായി വീണ്ടും ലേക്‌ഷോറില്‍ എത്തുകയായിരുന്നു.
ഡോ. കൃഷ്ണകുമാറിനോടും ശസ്ത്രക്രിയയില്‍ സഹായിച്ച അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു, ഡോ. മല്ലി എബ്രഹാം, ഡോ. ജയ സൂസന്‍ ജേക്കബ് എന്നിവരോടും നന്ദി പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."