പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍നിന്ന് നിയമനമില്ല
കൊല്ലം: സി.പി.ഐ ഭരിക്കുന്ന സിവില്‍സപ്ലൈസ് വകുപ്പിന് കീഴിലുള്ള സപ്ലൈകോയില്‍ പി.എസ്.സി ലിസ്റ്റില്‍നിന്ന് നിയമനം നടത്താതെ നടക്കുന്ന ഡെപ്യൂട്ടേഷനെതിരേ പാര്‍ട്ടിയുടെ സര്‍വിസ് സംഘടനയായ സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ടി.യു.സി) രംഗത്ത്. സപ്ലൈകോയിലെ ജീവനക്കാര്‍ക്ക് സമയബന്ധിതമായി പ്രമോഷന്‍ നല്‍കാത്തതിനാല്‍ അസി. സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അവസരം നഷ്ടമാകുന്നു എന്നതാണ് എതിര്‍പ്പിന് കാരണം.
നെല്ലുസംഭരണം വാതില്‍പ്പടി വിതരണം തുടങ്ങിയവയിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോയിലേക്ക് സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് 1259 തസ്തികകളിലേക്കാണ് ഡെപ്യൂട്ടേഷന്‍ നടത്തുന്നത്. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് 42 തസ്തികകള്‍കൂടി അനുവദിച്ചിരിക്കുകയാണ്. എന്നാല്‍, ഈ തസ്തികകളിലേക്ക് സാമ്പത്തിക ബാദ്ധ്യതയില്ലാതെ സപ്ലൈകോ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കുമായിരുന്നു. അതുവഴി അസി. സെയില്‍സ്മാന്‍ തസ്തികകളിലേക്ക് ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുകയും നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുകയും ചെയ്യും.
നിലവില്‍ സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനില്‍ വരുന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കി സപ്ലൈകോയില്‍ത്തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ തുടരാന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് മൂലം വന്‍ സാമ്പത്തിക ബാധ്യതയാണ് സിവില്‍സപ്ലൈസ് വകുപ്പിന് ഉണ്ടാകുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സപ്ലൈകോയെ ഡെപ്യൂട്ടേഷന്‍കാരുടെ പ്രമോഷനുള്ള വളമാക്കിമാറ്റി സാമ്പത്തികപ്രതസിന്ധിയിലേക്ക് തള്ളിവിടുന്ന നയത്തില്‍നിന്ന് സര്‍ക്കാരും മാനേജ്‌മെന്റും പിന്‍മാറണമെന്നാണ് സി.പി.ഐ അനുകൂല സംഘടനയുടെ ആവശ്യം. ഡെപ്യൂട്ടേഷന്‍ മൂലം ഏകദേശം 40 കോടിയില്‍പ്പരം അധികബാധ്യതയാണ് സപ്ലൈകോയ്ക്ക് ഉണ്ടാകുന്നത്. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് തുച്ഛമായ ഇ.പി.എഫ് പെന്‍ഷനുള്ള ജീവനക്കാരുടെ ഇ.പി.എഫ് വിഹിതം പോലും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനുവമായി ധനകാര്യവകുപ്പ് നടപടി ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും ഡെപ്യൂട്ടേഷനില്‍ വരുന്ന ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം സപ്ലൈകോയാണ് നല്‍കുന്നത്. നിലവിലുള്ള ഇ.പി.എഫ് സമ്പ്രദായം തുടരണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."