കര്‍ണിസേന 'പദ്മാവത്' കണ്ടു: അഭിമാനം ഉയര്‍ത്തുന്നതെന്ന് നിരീക്ഷണം, പ്രതിഷേധം പിന്‍വലിച്ചു, നിരോധിത സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യം
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവത്' സിനിമയ്ക്കെതിരായ പ്രതിഷേധം പിന്‍വലിക്കുന്നതായി കര്‍ണി സേന. സിനിമ കണ്ട ശേഷമാണ് കര്‍ണിസേനയുടെ അപ്രതീക്ഷിത പിന്മാറ്റം. രജപുത്രന്മാരുടെ വീര്യം വിളിച്ചോതുന്നതാണ് സിനിമയെന്നു പറഞ്ഞാണ് പ്രതിഷേധം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.
മനംമാറ്റം ചിത്രം കണ്ടശേഷം
സംഘടനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്ദേവ് സിങിന്റെ നിര്‍ദേശപ്രകാരം ചില കര്‍ണിസേനാ പ്രവര്‍ത്തകര്‍ സിനിമ കണ്ടുവെന്ന് മുംബൈയിലെ നേതാവ് യോഗേന്ദ്ര സിങ് കട്ടാര്‍ പറഞ്ഞു. ചിത്രം രജപുത്രന്മാരുടെ ത്യാഗവും വീര്യവും ഉയര്ത്തിക്കാണിക്കുന്നുണ്ടെന്ന് വ്യക്തമായതായും സിനിമ കണ്ടതിനു ശേഷം ഓരോ രജപുത്രന്മാര്ക്കും അഭിമാനം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലായിടത്തും പ്രദര്‍ശിപ്പിക്കണം
രജപുത്രന്മാരുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മിനിയും തമ്മില്‍ ഒരു സീനും ചിത്രത്തിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തില്‍ നിന്ന് പിന്മാറുന്നതിനു പുറമെ, രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാരുകളോട് സമ്മര്‍ദം ചെലുത്തുമെന്നും പറഞ്ഞു.
വിവാദങ്ങള്‍ ഇങ്ങനെ
ചരിത്രം വളച്ചൊടിച്ചിരിക്കുകയാണെന്നും ചിത്രത്തില്‍ രജപുത്രന്മാരുടെ വികാരത്തെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്യത്തുടനീളം കര്‍ണിസേന പ്രതിഷേധം നടത്തിയത്. ഇതേത്തുടര്‍ന്ന് ആദ്യം നടത്താനിരുന്ന റിലീസിങ് മാറ്റിവയ്ക്കുകയും ചിത്രത്തിന്റെ പേര് 'പദ്മാവതി' എന്നതില്‍ 'പദ്മാവത്' എന്നാക്കുകയും ചെയ്തു.
ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന സുപ്രിം കോടതി ഉത്തരവു വന്നതിനു പിന്നാലെ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ കര്‍ണി സേനയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുകയുമുണ്ടായി. എല്ലാം കഴിഞ്ഞാണ് കര്‍ണിസേന സനിമ കാണുകയും നിരോധിത സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."