ഒരു നഷ്ടത്തിന്റെ ലാഭങ്ങള്‍
ആകെ രണ്ടു പെണ്‍മക്കളേയുള്ളൂ. രണ്ടുപേരെയും അയാള്‍ ഭംഗിയായി കെട്ടിച്ചയച്ചു. ഇപ്പോള്‍ കാര്യമായ ബാധ്യതകളൊന്നുമില്ല. മുതിര്‍ന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കര്‍ഷകനാണ്. ഇളയവളുടെ ഭര്‍ത്താവ് കൊശവനും. രണ്ടു പേരും അയല്‍വാസികള്‍.
ഒരിക്കല്‍ ഇരുവരെയും കാണാന്‍ വേണ്ടി അദ്ദേഹം അവരുടെ വീട്ടിലേക്കു ചെന്നു. ആദ്യം പോയത് മുതിര്‍ന്നവളുടെ വീട്ടിലേക്കായിരുന്നു. അവിടെ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണം തന്നെ ലഭിച്ചു. മകളോട് സുഖവിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആ വിവരമറിയുന്നത്. അവള്‍ പറഞ്ഞു: ''ഭര്‍ത്താവ് കൃഷി ചെയ്യാനായി ഒരേക്കര്‍ ഭൂമി പാട്ടത്തിനു എടുത്തിരുന്നു. ബാങ്കില്‍നിന്ന് ലോണെടുത്ത് ചാക്കുകണക്കിനു വിത്തുകളും വാങ്ങി. വിത്തു വിതച്ചിട്ട് ആഴ്ചകള്‍ കടന്നുപോയി. ഇതുവരെ ഒരു തുള്ളി മഴ ലഭിച്ചിട്ടില്ല. ഇനിയും ഈ നില തുടര്‍ന്നാല്‍ ഞങ്ങള്‍ക്കു മണ്ണു തിന്നേണ്ടി വരും. അതുകൊണ്ട് എങ്ങനെയെങ്കിലും മഴ പെയ്താല്‍ മതിയായിരുന്നു...''
മകളുടെ സങ്കടസങ്കുലമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിനു സഹിക്കാനായില്ല. സഹായിക്കാന്‍ തന്റെ കൈയില്‍ എന്തെങ്കിലും വേണ്ടേ.. തല്‍ക്കാലം, എന്തെങ്കിലുമൊക്കെ വഴിയുണ്ടാവാതിരിക്കില്ലെന്ന ആശ്വാസവാക്കു പറഞ്ഞ് അദ്ദേഹം അവിടെനിന്ന് ഇറങ്ങിപ്പോന്നു. നേരെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു ചെന്നു. അവിടെയും ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. മകളോട് സുഖവിവരങ്ങള്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ''വന്‍ തുക കടമെടുത്ത് ഭര്‍ത്താവ് കൊട്ടക്കണക്കിന് കളിമണ്ണ് ഇറക്കിയിരുന്നു. അതെല്ലാം ഇപ്പോള്‍ മണ്‍കലങ്ങളാക്കി മാറ്റിയിട്ടുണ്ട്. എല്ലാം വെയിലത്ത് ഉണക്കാനിട്ടിരിക്കുകയാണ്.. മഴ വന്നാല്‍ കുടുങ്ങിയതുതന്നെ. ചെലവാക്കിയതില്‍നിന്ന് അരക്കാഷ് തിരികെ ലഭിക്കില്ല.. അതുകൊണ്ട് എങ്ങനെയെങ്കിലും മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു...''
വ്യത്യസ്തമായ രണ്ടനുഭവങ്ങള്‍. മഴ പെയ്താല്‍ ഒരു മകള്‍ ലക്ഷപ്രഭ്വി. അതേസമയം മറ്റേമകള്‍ ദരിദ്രനാരായണ. രണ്ടുപേരും രണ്ടു നാട്ടുകാരായിരുന്നുവെങ്കില്‍ തരക്കേടില്ലായിരുന്നു; ഇരുവരും അയല്‍ക്കാരുമാണ്..! എങ്ങനെ ഈ പ്രശ്‌നത്തിനു പരിഹാരം കാണും..?
ഏതായാലും സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം തന്റെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയപ്പോള്‍ ഭാര്യ വിവരങ്ങളെല്ലാം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''മഴ പെയ്തു കിട്ടിയാല്‍ നീ ദൈവത്തിനു സ്തുതിയര്‍പ്പിക്കുക. മഴ പെയ്തില്ലെങ്കിലും ദൈവത്തിനു സ്തുതിയര്‍പ്പിക്കുക.''
'മുസ്വീബതു ഖൗമിന്‍ ഇന്ത ഖൗമിന്‍ ഫവാഇദു' എന്ന് അറബിയില്‍ ഒരു മൊഴിയുണ്ട്. ഒരു വിഭാഗത്തിനു വന്നുചേരുന്ന ആപത്തുകള്‍ മറ്റൊരു വിഭാഗത്തിനു നേട്ടങ്ങളായിരിക്കുമെന്നര്‍ഥം.
അല്‍പം ആഴത്തില്‍ ചിന്തിച്ചാല്‍ നഷ്ടവും ലാഭവും ആപേക്ഷികങ്ങളാണെന്നു കാണാന്‍ പറ്റും. നിരുപാധികാര്‍ഥത്തില്‍ നഷ്ടം നഷ്ടമല്ല. ലാഭം ലാഭവുമല്ല. ഒരാളുടെ ലാഭം വേറൊരാള്‍ക്കു നഷ്ടമായിരിക്കും. ഒരാളുടെ നഷ്ടം വേറൊരാള്‍ക്കു ലാഭവുമായിരിക്കും.
നിങ്ങളുടെ വാഹനം അപകടത്തില്‍പെട്ട് തകര്‍ന്നെന്നിരിക്കട്ടെ. നിങ്ങളെ സംബന്ധിച്ചിടത്തോളം അതു സഹിക്കാന്‍ കഴിയാത്ത നഷ്ടമായിരിക്കാം. പക്ഷേ, അതുവഴി ലാഭം കൊയ്യുന്ന എത്രയെത്ര ആളുകളാണുള്ളത്. വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ക്കു സംഭവിച്ച നഷ്ടം ലാഭമാണ്. നിങ്ങളുടെ വാഹനം ഇനി നന്നാക്കിയെടുക്കാന്‍ പുതിയ ഉപകരണങ്ങള്‍ പലതും അതില്‍ ഘടിപ്പിക്കേണ്ടി വരും. എങ്കില്‍ ആ ഉപകരണങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കു നിങ്ങള്‍ക്കു സംഭവിച്ച നഷ്ടം ലാഭമാണ്. ആ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും അതു ലാഭം. കമ്പനി ഉപകരണങ്ങളൊന്നും ഇല്ലായ്മയില്‍നിന്നു സൃഷ്ടിക്കുകയല്ല, അവ നിര്‍മിക്കാനാവാശ്യമായ ഘടകങ്ങള്‍ പല മേഖലകളില്‍നിന്നും സംഘടിപ്പിക്കുകയാണു ചെയ്യുക. എങ്കില്‍ ആ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാനവര്‍ഗക്കാര്‍ വരെയുള്ള ഒട്ടനേകം തൊഴിലാളികള്‍ക്കും നിങ്ങളുടെ നഷ്ടം ലാഭമായി.
ഈ പറഞ്ഞവര്‍ക്കൊന്നും ലാഭമുണ്ടാവില്ലെന്നു പറയാന്‍ കഴിയില്ല. കാരണം, ലാഭമില്ലാതെ അവരാ പണികള്‍ക്കൊന്നും നില്‍ക്കില്ലല്ലോ. അപ്പോള്‍ നിങ്ങളുടെ ഒരു നഷ്ടത്തില്‍നിന്നു ലഭിക്കുന്ന ലാഭം അടിത്തട്ടിലേക്കു വരെ കടന്നുപോകുന്നുണ്ട്. ഒരു നഷ്ടം എന്നാല്‍ ഒട്ടനേകം ലാഭം എന്നാണെന്നു ചുരുക്കം.
ഒരു ചക്രമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. അനേകായിരം കൈകളിലൂടെ കറങ്ങിക്കറങ്ങിയാണു നിങ്ങളുടെ വാഹനത്തിലേക്ക് അതൊരു ചക്രമായി കടന്നുവരുന്നത്. ആ ചക്രം കേടായാല്‍ അടുത്ത ചക്രം വാങ്ങുമ്പോള്‍ ഈ കരങ്ങള്‍ക്കെല്ലാം ലാഭമുണ്ടാവുകയാണ്.
നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസ് കയറിയാലേ ആന്റി വൈറസ് കമ്പനികള്‍ക്കു നിലനില്‍പുള്ളൂ. നിങ്ങളുടെ മൊബൈല്‍ കേടായിട്ടുവേണം മൊബൈല്‍ സര്‍വിസ് സെന്ററുകള്‍ നിലനിന്നുപോകാന്‍.
നിങ്ങളുടെ രോഗമാണു വൈദ്യന്മാരുടെ ലാഭം. നിങ്ങള്‍ക്കു മരുന്നു തരുന്ന ഫാര്‍മസിക്കാരുടെ ലാഭം. മരുന്നുല്‍പാദിപ്പിക്കുന്ന കമ്പനികളുടെ ലാഭം. മരുന്നിനാവശ്യമായ കൃഷി ചെയ്യുന്ന തൊഴിലാളികളുടെ ലാഭം. അതിനു മുന്‍കൈയെടുക്കുന്ന ഇടനിലക്കാരുടെയും മുതലാളിമാരുടെയും ലാഭം. ആവശ്യസ്ഥലങ്ങളിലേക്കു മരുന്നുകളെത്തിക്കുന്നതിനു വേണ്ടി ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ലാഭം. നഷ്ടം ഒരാള്‍ക്കാണെങ്കിലും അതിന്റെ ലാഭം ഒരുപാടാളുകള്‍ക്കാണ്.
ഈ അര്‍ഥത്തില്‍ ചിന്തിച്ചാല്‍ വിഷയത്തെ നമുക്ക് പോസിറ്റിവായി എടുക്കാം. നഷ്ടങ്ങളൊന്നും അപ്പോള്‍ വേദനകളായി അനുഭവപ്പെടില്ല. എനിക്കു നഷ്ടം പറ്റിയാലും മറ്റുള്ളവര്‍ക്കതിലൂടെ ലാഭമുണ്ടായിട്ടുണ്ടല്ലോ എന്ന വിശാലചിന്ത വേദനാസംഹാരിയായി അവിടെ കടന്നുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."