ഓര്‍മകളിലൂടൊരു യാത്ര
വിറയാര്‍ന്ന പാദം മണ്ണിലേക്കു ചവിട്ടിയപ്പോള്‍ പൊള്ളിയതെന്റെ മനസായിരുന്നില്ലേ? നഷ്ടപ്രതാപങ്ങളുടെ ഓര്‍മയില്‍ മനംനൊന്തു കഴിയുന്ന ഞാനും എന്റെ കൊച്ചു ഗ്രാമവും. ഒരു ചിത്രകാരന്‍ തന്റെ ഭാവനയിലെ, ചായക്കൂട്ടുകളില്‍ ചാലിച്ചെഴുതി അതിസുന്ദരമാക്കിയ പൊന്മനയെന്ന ഞങ്ങളുടെ നാട്. കൊല്ലം ജില്ലയിലെ, ചവറയെന്ന കരിമണല്‍ ഖനിയുടെ തീരദേശം.
കരിമണ്ണിലൂടെ പിച്ചവച്ച ശൈശവം. അമ്മയുടെ വിരല്‍ത്തുമ്പു പിടിച്ചാദ്യമായി നടന്ന ബാല്യം, പ്രണയവും വിരഹവും കൈകോര്‍ത്ത കൗമാരം. കാലം വീണ്ടും തന്റെ കൈപിടിച്ചെത്തിയിരിക്കുന്നു. ഋതുക്കളൊരുപാടു കടന്നുപോയി. ഇനിയാദ്യം നടക്കണം പിന്നെ ഓടണം. ഹരികുമാറെന്നയെന്റെ മനസ് പൊന്മനയെന്ന ഗ്രാമത്തിലേക്ക് മെല്ലെ സഞ്ചരിക്കാന്‍ തുടങ്ങി.
ഞാന്‍ തന്നെയല്ലേ എന്റെ ഗ്രാമം. ഹരിക്കുട്ടായെന്ന അമ്മയുടെ വിളിയെങ്ങോ കേട്ട പോലെ. പൊന്മനയുടെ പട്ടയമുപേക്ഷിച്ചവരില്‍ ഞാനും മറ്റുള്ളവര്‍ക്കൊപ്പം. അമ്മയുടെ ഓര്‍മയ്ക്കായി നട്ട തെങ്ങ് കടലിന്നടിയില്‍, ഓര്‍മകളിലെന്നും അമ്മയ്ക്കായിരുന്നു പ്രഥമസ്ഥാനം. നാട്ടിടവഴികളും വയലേലകളും കടലും കായലും മുണ്ടകന്‍ കൊയ്ത്തും നിലത്തെഴുത്തുകളരിയും അങ്കണവാടികളും പള്ളിക്കൂടങ്ങളും കയറുപിരിപ്പും മീന്‍വലകളും കക്കയും കക്കവാരലും കായല്‍മീനും കടല്‍മീനുമൊക്കെ നിറഞ്ഞ പൊന്മന.
റോഡും കാറും ബംഗ്ലാവുമൊക്കെയിന്നു പലര്‍ക്കും സ്വന്തം. ഒരിക്കല്‍ അതിര്‍ത്തികളും, അതിര്‍വരമ്പുകളുമില്ലാതെ, മതിലുകളും ഗേറ്റുകളുമില്ലാതെ, പൊന്മനയുടെ മണ്ണില്‍ വേരുറപ്പിച്ചു നിന്നിരുന്ന ഞാനുംഎന്റെ കൂട്ടുകാരും. വള്ളവും വെള്ളവും കടലും കായലും കയറും കക്കയും ചിപ്പിയുമൊക്കെയിഷ്ടപ്പെട്ടിരുന്നവര്‍, ഇന്നെല്ലാവരുമെവിടെ?
രാജുവും ചന്തുവും പൊടിമോനും കുഞ്ഞുമോനും സുരേഷുമൊക്കെ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ എവിടെയോ പോയിമറഞ്ഞു. കായലിലെ ഉപ്പുവെള്ളത്തില്‍ കക്ക വാരാനും വള്ളം തുഴഞ്ഞക്കരയിക്കരെ പോകാനും ഉത്സാഹിച്ചിരുന്ന ഒരുകൂട്ടം കൗമാരക്കാര്‍. കൂട്ടത്തിലേറ്റവും കുസൃതിയായി അവരുടെയൊപ്പമീ ഹരിക്കുട്ടനും. രമണിയമ്മയുടെ മകള്‍ രാധികയെ കൂട്ടുകാരൊക്കെ പെങ്ങളായിത്തന്നെ കാണണമെന്നു വാശിപിടിച്ചത് തനിക്കവളോടുള്ള പ്രണയം കൊണ്ടു മാത്രമായിരുന്നു. പക്ഷേ രാധികയ്ക്കിഷ്ടം ചന്തുവിനെയായിരുന്നു. ഏറെനാള്‍ അതിന്റെ വിങ്ങല്‍ മനസിലൊളിപ്പിച്ച്, പിന്നീട് കാലങ്ങള്‍ക്കുശേഷം ചന്തു രാധികയെ ജീവിതസഖിയാക്കിയപ്പോള്‍, അതൊക്കെയിന്നത്തെ നല്ലയോര്‍മകളില്‍ ചിലതുമാത്രമാക്കി.
ഉറങ്ങാന്‍ പറ്റാത്ത ചില രാത്രികള്‍. ശ്വാസതടസവും വലിവും കാരണം അമ്മയുമച്ഛനും കൂടി രാത്രിയില്‍ നടന്ന് കന്നിട്ടക്കടവിലെത്തി. അവിടെനിന്ന് വള്ളത്തിലക്കരെയിറങ്ങി ടാക്‌സിക്കാറില്‍ ഡോക്ടറുടെ അടുത്തേക്ക്. അന്നതൊന്നും അമ്മയോ അച്ഛനോ ബുദ്ധിമുട്ടായിക്കണ്ടിട്ടേയില്ല. കാലം പോയവഴിയില്‍ എന്നില്‍നിന്ന് ആ അസുഖവും വേരോടെ അടര്‍ത്തിക്കൊണ്ടു പോയതാശ്വാസമായിത്തോന്നി. സഹായത്തിനിന്നച്ഛഛനുമമ്മയും കൂടെയില്ലല്ലോ?
വാഹനങ്ങളില്ലാത്ത നാടായിരുന്നു ഞങ്ങളുടെ പൊന്മന. ഗ്രാമവാസികളെല്ലാരും കന്നിട്ടക്കടവിലോ കൊട്ടാരത്തുംകടവിലോ വന്ന് വള്ളം തുഴഞ്ഞക്കരെയെത്തണം. കട്ടമരത്തിലെയും കമ്പവലയിലെയും മീന്‍പിടിത്തം പൊന്മനയുടെ തീരപ്രദേശത്തിന്റെ ഇന്നത്തെ നഷ്ടക്കാഴ്ചയായി മാറി. ഒരിക്കല്‍ പലരുടെയും ജീവിതോപാധിയായിരുന്ന കാഴ്ച മാത്രമായിരുന്നില്ലേ അത്. കളങ്ങരവീടും കളങ്ങരസ്‌കൂളും കളങ്ങരയമ്പലവും പൊന്മനയുടെ പ്രമാണിത്തം ഓര്‍മപ്പെടുത്തുന്ന ചില സ്മാരകങ്ങളായി. അതോടൊപ്പം തന്നെ കന്നിട്ടക്കടവും. ജാതീയമായ അതിര്‍വരമ്പുകളില്ലാത്ത നാട്. തനി ഗ്രാമീണര്‍ മാത്രം. പരിഷ്‌ക്കാരവും പരിഷ്‌ക്കാരികളും പൊന്മനയിലെ കാണാക്കാഴ്ചകള്‍.
പക്ഷേ ഇന്നെല്ലാവരും സമ്പന്നതയുടെ മടിത്തട്ടില്‍ വിരാജിക്കുന്ന, കൂറ്റന്‍മതിലുകളും വാതിലുകളും ബംഗ്ലാവും സ്വന്തമായുള്ളവരായി മാറി. നാടിനെ വിറ്റുകാശാക്കി നാടിനെയൊറ്റപ്പെടുത്തി സമ്പന്നരായവര്‍ പൊന്മനക്കാര്‍.
ഹ...ഹ...ഹ.... ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കണമെനിക്ക്. പക്ഷേ പൊട്ടിച്ചിരിയിലും സങ്കടത്തുള്ളികളല്ലേ ഉരുണ്ടുകൂടുന്നത്? എന്നിലെ എന്നെ ആരാണു നഷ്ടപ്പെടുത്തിയത്? കടലു കടന്നു വ്യാപിച്ച പെരുമയില്‍ നഷ്ടമായത് ഞങ്ങളുടെ അസ്തിത്വം. ആര്‍ക്കെങ്കിലും സങ്കടമുണ്ടോ? അറിയില്ല എനിക്കൊന്നുമറിയില്ല..
പൊന്മനയുടെ പട്ടയം വിറ്റു കാശാക്കിയവര്‍, പൊന്മനയുടെ മണ്ണില്‍ കളിച്ചുവളര്‍ന്നവര്‍ എവിടെയാണ് എല്ലാരും. എന്നെത്തനിച്ചാക്കി എങ്ങോട്ടാണ് അവരെല്ലാം പോയത്? എല്ലാവരും ഇന്നെവിടെ? പരസ്പരം കാണാതെ ഒരമ്മ പെറ്റമക്കള്‍ പല വഴികളിലായി, പൊന്മനയിന്നുമുണ്ട്, എല്ലും തോലുമായി ജരാനരകള്‍ ബാധിച്ച് ആര്‍ക്കും ആവശ്യമില്ലാത്ത ഒരു പടുകിഴവിയായി....
മാതാപിതാക്കളെ വൃദ്ധസദനത്തിലുപേക്ഷിക്കും പോലെ പൊന്മനയുടെ മക്കള്‍ മോഹവിലയ്ക്ക് ആ ഗ്രാമത്തെ വിറ്റു. പൊന്മന തനിച്ചായി, ദൂരെയായി മാത്രം അന്നു കണ്ടിരുന്ന കടലമ്മ ഗ്രാമത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനിടയ്ക്കിടക്കോടിയെത്തും. അമ്മയുടെ തലോടല്‍ പോലെ ഓരോ തിരയും പാദത്തിലോരോ ചുംബനങ്ങളുതിര്‍ത്തു വിടവാങ്ങുന്ന കാഴ്ച ദുഃഖത്തിനു തെല്ലൊരാശ്വാസം നല്‍കുന്നുണ്ടെങ്കിലും നഷ്ടബോധം മനസിനെ വല്ലാണ്ട് തളര്‍ത്തുന്നു. ഈ കുളിര്‍കാറ്റിന് എന്തിനെയും ഏതിനെയും സമാധാനിപ്പിക്കാനുള്ള കഴിവുണ്ട്.
ഓര്‍മകളിലെ ഓണങ്ങള്‍ക്കിപ്പോഴുമെന്തു മാധുര്യമാണ്. പുലിക്കളിയും തുമ്പിതുള്ളലും തിരുവാതിരയുമൊക്കെ പൊന്മനയുടെ ഇടവഴികളിലെവിടെയൊക്കെയോ കൊട്ടും മേളവുമുതിര്‍ക്കുന്ന പോലെ. കാതോര്‍ത്താല്‍ നഷ്ടങ്ങളുടെ വില മനസിലാക്കാം. ഉത്സവങ്ങള്‍ക്കും മേളക്കൊഴുപ്പിനും കമ്പക്കെട്ടിലൂടെയുമൊക്കെ ചരിത്രത്താളിലിടം നേടാന്‍ പൊന്മനയ്ക്കായി എന്നതായിരുന്നു വാസ്തവം. വായന വളര്‍ത്താന്‍ വേണ്ടി വായനശാലയും മഹാരാജാവിനു വിശ്രമിക്കാനായി ഒരു ചെറിയ കൊട്ടാരവും അന്നു പൊന്മനയിലുണ്ടായിരുന്നു.
ഒരിക്കല്‍ സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു ഞങ്ങളുടെ പൊന്മന. അണിഞ്ഞൊരുങ്ങി മുലപ്പു ചൂടിനില്‍ക്കുന്ന തനി മലയാളിപ്പെണ്‍കൊടിയുടെ സൗന്ദര്യം. കടലാഴങ്ങളും കായലിന്റെ കുഞ്ഞലകളും മാസ്മരിക ഭാവം വിടര്‍ത്തി. ഒരു കള്ളത്തരം, അതാണ് പൊന്മനയുടെ അസ്ഥിവാരം തകര്‍ത്തെറിഞ്ഞത്. അല്ല, പൊന്മനക്കാരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.
ആ കഥ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ പറയാം, നല്ല കേള്‍വിക്കാര്‍ നിങ്ങളാകുമെങ്കില്‍. തൊണ്ടും ചകിരിയും കയറും കടലും.. അതായിരുന്നു പൊന്മനക്കാരുടെ ഉപജീവനമാര്‍ഗം. തൊണ്ടുതല്ലി ചകിരിയാക്കി, അതിനെപ്പിന്നെ കയറാക്കി മാറ്റി. കയര്‍ വിറ്റരിയും ചീനിയും പലവ്യഞ്ജനങ്ങളും വാങ്ങി. ഒരു ചെറിയ കള്ളം. കച്ചവടക്കാരെ പറ്റിക്കാന്‍ വേണ്ടി, കയറിഴകള്‍ക്കു തൂക്കം കിട്ടാന്‍ കരിമണ്ണ് കയറിഴകളില്‍ തൂകുന്ന, പരമരഹസ്യമായി ഞങ്ങള്‍ ചെയ്ത ഒരുചെറിയ കള്ളത്തരം, പൊന്മനയുടെ ഖ്യാതി കടലു കടക്കാനിടയായി.
കടല്‍ കടന്ന് യൂറോപ്പിലെത്തിയ കയറിഴകള്‍, അതിലെ തിളങ്ങുന്ന വസ്തു യൂറോപ്പുകാരന്‍ സായിപ്പായ റോബര്‍ട്ട് ഫെരേരയുടെ കണ്ണിലുടക്കി. അതോടെ പൊന്മനയുടെ കഷ്ടകാലവും തുടങ്ങി. മണ്ണിലടങ്ങിയിരിക്കുന്ന ധാതുസമ്പത്തിന്റെ വിലയെക്കുറിച്ച് ഒന്നുമറിയാതിരുന്ന പൊന്മനക്കാര്‍ സായിപ്പിന്റെ വിപണന തന്ത്രത്തിലടിപതറി. വ്യാവസായികനേട്ടം മനസില്‍ കണ്ടുകൊണ്ട് പൊന്മന മണ്ണില്‍ ഫെരേര സായിപ്പ് അദ്ദേഹത്തിന്റെ പേരിലൊരു കമ്പനി സ്ഥാപിച്ചു-ഫെരേര കമ്പനി. അതാണിന്നു നാം ചവറയുടെ തീരത്ത് കാണുന്ന കെ.എം.എം.എല്‍ കമ്പനി.
മണ്ണിന്റെ മൂല്യമറിഞ്ഞ ഫെരേര, മണ്ണിനെ വിവിധ തരങ്ങളായി വേര്‍തിരിച്ചു. ഇല്‍മനൈറ്റ്, റൂട്ടയില്‍, സിര്‍ക്കണ്‍, സിലിമനൈറ്റ്, മോണോസൈറ്റ്, ലൂക്കോ സൈറ്റ് എന്നിങ്ങനെ. ലോകവാണിജ്യത്തിന് അവിഭാജ്യഘടകങ്ങളായ ധാതുസമ്പത്ത്, പൊന്മനമണ്ണില്‍നിന്നു തരംതിരിച്ചു ലോകത്തിന്റെ മുക്കിലും മൂലയിലുമെല്ലാമെത്തി. ഫെരേരയുടെ വിപണനതന്ത്രം ഗവണ്‍മെന്റിന്റെ കണ്ണുതുറപ്പിച്ചു.
മണ്ണിന്റെ വിപണനസാധ്യത മനസിലാക്കിയ ഗവണ്‍മെന്റ് ഫെരേരയുടെ കൈയില്‍നിന്ന് കമ്പനിയെ സ്വന്തമാക്കി. നാട്ടുകാര്‍ ഗവണ്‍മെന്റുമായി വിലപേശി നിസാര വിലയ്ക്ക് പട്ടയമോരോരുത്തരായി ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. പൊന്മനയുടെ കണ്ണുനീര്‍ കാണാതെ അവരോരോരുത്തരും ഗ്രാമമുപേക്ഷിച്ചു. പട്ടയം വിറ്റവര്‍, മണ്ണു വിറ്റവര്‍ അവരുടെയൊപ്പം ഈ ഞാനും. ജീര്‍ണാവസ്ഥയിലാണിന്നു പൊന്മന. സൗന്ദര്യത്തെ പീഡിപ്പിച്ച്, മണ്ണു കൈയേറി, വെറുമൊരു പിണമാക്കിയ നാട്ടുകാര്‍, നാടുപേക്ഷിച്ചു പല ദിക്കിലായി സുഖജീവിതം അനുഷ്ഠിക്കുന്നു.
തിരികെ കിട്ടാത്ത ഒരു കാലത്തിന്റെ ഓര്‍മകളുമായി പൊന്മനയെന്ന സ്മാരകം ഒരവശേഷിപ്പായി ജീവിച്ചിരിക്കെ, ഗ്രാമത്തെ തേടി വീണ്ടുമാരൊക്കെയോ എത്തുന്നു. പുതുമണ്ണിലെ ജലത്തുള്ളി പോലെ എന്നിലെ ആഗ്രഹം ഉയിര്‍ത്തെഴുന്നേറ്റു. ഒരിക്കല്‍ കടല്‍കടന്ന ഖ്യാതി ഇന്നു വീണ്ടും ദേശങ്ങള്‍ക്കപ്പുറത്തേക്ക്. ആലില്‍ മണികെട്ടാനായി കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലേക്കു വരുന്ന ഓരോ ഭക്തരുടെയും പാദസ്പര്‍ശം. ആഗ്രഹസാഫല്യത്തിനായി വീണ്ടും വീണ്ടും നാട്ടുകാര്‍ക്കു നാട്ടുകാരെയും അന്യദേശക്കാരെയും പിന്നെ ഒരിക്കലുപേക്ഷിച്ച ജന്മനാടിനെയും കാണാനായി.
ശൈശവവും ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന ഞാന്‍, ഇനിയൊരു ജീവിതം മോഹിക്കാതെ വിദൂരതയിലെ തിരമാലകളെ നോക്കി അന്ത്യത്തിലേക്ക്. ഏതെങ്കിലുമൊക്കെ കൂട്ടുകാരെ ഇനിയും കാണാമെന്നൊരു പ്രതീക്ഷയില്‍. ഇനി ഒരു തിരിച്ചുപോക്കില്ലാതെ, ഓര്‍മകളുടെ മാറാലക്കെട്ടില്‍നിന്ന് ചിലയോര്‍മകള്‍ പൊടിതട്ടി, അമ്മയുറങ്ങുന്ന മണ്ണില്‍ ഇനി ഞാനും പട്ടയം തേടി നില്‍ക്കുന്നു, കിട്ടില്ലയെന്നറിഞ്ഞിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."