മരവിച്ച മനുഷ്യത്വം തിരിച്ചുവരുമോ
പിഞ്ചുകുട്ടികള്‍ മനസിനു കുളിര്‍മയും ഉന്മേഷവും നല്‍കുന്ന മാലാഖമാരാണ്. ഓരോ രക്ഷിതാവും മക്കളെയോര്‍ത്താണു യാതനകളും വേദനകളും തരണം ചെയ്യാന്‍ തയാറാവുന്നത്. എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങള്‍പോലും ലൈംഗികപീഡന ഇരകളാകുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. എട്ടുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത നെഞ്ചില്‍ തറയ്ക്കുന്ന അമ്പുപോലെയാണനുഭവപ്പെട്ടത്. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമം വാര്‍ത്തകളായി വരാന്‍ തുടങ്ങിയിട്ടു കാലംകുറച്ചായി.
പത്തില്‍ ഒരു പെണ്‍കുട്ടിവീതം ലൈംഗികപീഡനത്തിന് ഇരയാവുന്നുവെന്നാണ് ആഗോളക്കണക്കെന്ന് ഐക്യരാഷ്ട്രസഭ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോകവ്യാപകമായി ഭീതിജനകമാംവിധം വര്‍ധിക്കുന്നുവെന്നു യൂണിസെഫിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. അതിലേക്ക് ഏറെ ഭീതിജനകമായ ഒരുകണക്ക് ഇന്ത്യന്‍ തലസ്ഥാനത്തുനിന്നു ചേര്‍ക്കേണ്ടി വന്നിരിക്കുകയാണ്.
ഇരുപത് വയസ്സിനു താഴെയുള്ള 12 കോടി കുട്ടികള്‍ നിര്‍ബന്ധിത ലൈംഗികവേഴ്ചയ്ക്കു വിധേയരാവുന്നുണ്ടത്രേ!മാനവശേഷി വിഭവമന്ത്രാലയം 2007ല്‍ 13 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ 21 കുഞ്ഞുങ്ങള്‍ ലൈംഗികപീഡനത്തിനിരയാവുന്നുവെന്നു പറയുന്നു.
കുഞ്ഞുങ്ങള്‍ക്കെതിരേയുള്ള പീഡനം തടയാന്‍ പോസ്‌കോ നിയമമുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ ഐ.സി.പി പദ്ധതിയുമുണ്ട്. ഇത് കൊണ്ടൊന്നും സംരക്ഷണം ലഭിക്കുന്നില്ലായെന്നാണു പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്.
90 ശതമാനവും അടുത്തറിയാവുന്നവരില്‍ നിന്നാണത്രേ പീഡനങ്ങള്‍ ഉണ്ടാവുന്നത്. മനുഷ്യത്വം മരവിച്ച മനസ്സുകള്‍ മനുഷ്യര്‍ക്കിടയില്‍ ഏറിവരുന്നു. മരവിച്ച മനസ്സുകള്‍ ഇനിയും എന്നാണു പഴയപടിയിലേക്ക് തിരികെവരികയെന്ന ആശങ്കയാണ് ഉയര്‍ന്നുവരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."