പ്രതിഷേധക്കോട്ട ചൊവ്വാഴ്ച; ഗിന്നസ് പ്രതിനിധികളെത്തും
തിരുവനന്തപുരം: ഈ മാസം ആറിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കലക്ടറേറ്റ് വരെ യു.ഡി.എഫ് തീര്‍ക്കുന്ന പ്രതിഷേധക്കോട്ട ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാക്കള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകളടങ്ങിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പ്രതിഷേധക്കോട്ട തീര്‍ക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഏഷ്യന്‍ ബ്യൂറോ ഓഫ് റെക്കോര്‍ഡ്‌സ്, ബാഴ്‌സലോണ ആസ്ഥാനമായ യൂനിവേഴ്‌സല്‍ ബ്യൂറോ ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയുടെ പ്രതിനിധികള്‍ പ്രതിഷേധ പരിപാടി വീക്ഷിക്കാന്‍ എത്തുമെന്ന് കണ്‍വീനര്‍ വി.ഡി സതീശന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 70 കിലോമീറ്റര്‍ ദൂരത്തിലാണ് ബാനറുകള്‍ ചേര്‍ത്തുവച്ച് പ്രദര്‍ശിപ്പിക്കുന്നത്.
ലോകത്ത് ഇത്ര ദൂരത്തില്‍ ബാനര്‍ ചേര്‍ത്തുവച്ചുള്ള പ്രതിഷേധം വേറെ നടന്നിട്ടില്ലാത്തതിനാല്‍ ഇതു ലോക റെക്കോര്‍ഡായി മാറുമെന്നാണ് പ്രതീക്ഷ. 40,000 പ്രവര്‍ത്തകര്‍ ദേശീയപാതയോരത്ത് അണിനിരക്കും. ഒരു കാരണവശാലും ഗതാഗത സ്തംഭനം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് നടയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, എ.എ അസീസ്, അനൂപ് ജേക്കബ്, സി.പി ജോണ്‍, ദേവരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കൊല്ലം കലക്ടറേറ്റ് നടയില്‍ ഉമ്മന്‍ചാണ്ടി, കെ.പി.എ മജീദ്, എന്‍.കെ പ്രേമചന്ദ്രന്‍, പി.സി ചാക്കോ, ജോണി നെല്ലൂര്‍, തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, വി. രാംമോഹന്‍ തുടങ്ങിയവരും നേതൃത്വം നല്‍കുമെന്ന് സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."