കാട്ടാന ഭീതിയില്‍ വൈത്തിരി മലയോര മേഖല
വൈത്തിരി: പഞ്ചായത്തിലെ അറമല, തളിപ്പുഴ, ആനപ്പാറ, തളിമല, അമ്പ തുടങ്ങിയ പ്രദേശങ്ങള്‍ കാട്ടാന ഭീതിയില്‍. കഴിഞ്ഞ എതാനും മാസങ്ങളായി തുടരുന്ന കാട്ടാനയുടെ ആക്രമണം ഇവിടങ്ങളിലെ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്.
ജനവാസ കേന്ദ്രങ്ങളിലെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതിനു പുറമെ മനുഷ്യജീവനുകൂടി ഭീഷണിയായിരിക്കുകയാണു കാട്ടാനക്കൂട്ടങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ അറമലയിലും തളിപ്പുഴ ഭാഗങ്ങളിലും മൂന്നുതവണയാണു കാട്ടാനക്കൂട്ടങ്ങള്‍ എത്തിയത്. തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരും ഉള്‍പ്പെടെ ആയിരത്തിലധികം കുടുംബങ്ങളാണു പ്രദേശത്തു താമസിക്കുന്നത്. ഇതില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ താമസിക്കുന്ന ആദിവാസി കോളനികളും ഉള്‍പ്പെടും.
കാപ്പി, കമുക്, വാഴ തുടങ്ങിയ കാര്‍ഷികവിളകള്‍ക്കു വന്‍ നാശനഷ്ടമാണു കാട്ടാനക്കൂട്ടങ്ങള്‍ ഉണ്ടാക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ വൈത്തിരി, മേപ്പാടി ഭാഗങ്ങളോടു ചേര്‍ന്ന മലയോര പ്രദേശമായതിനാല്‍ നേരം ഇരുട്ടിയാല്‍ തൊട്ടടുത്ത വനങ്ങളില്‍നിന്ന് ആനകള്‍ കൂട്ടമായി സമീപത്തെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരികയും നാശമുണ്ടാക്കി മടങ്ങുകയാണു ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ പോലും തോട്ടങ്ങളില്‍ തമ്പടിക്കുന്ന ആനകള്‍ തൊഴിലാളികള്‍ക്കു കനത്ത ഭീഷണിയാണുണ്ടാക്കുന്നത്.
ദിവസങ്ങളായി തുടരുന്ന കാട്ടാനശല്യംമൂലം വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രശ്‌നപരിഹാരത്തിനായി ഫോറസ്റ്റ് ജീവനക്കാരെത്തി പടക്കവും മറ്റും കത്തിച്ചു ശബ്ദമുണ്ടാക്കിയാലും ആനകള്‍ പിന്മാറുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. വന്യമൃഗശല്യം തടയുന്നതിനു വനംവകുപ്പ് വൈദ്യുതി ലൈനുകള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമാകുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."