തണല്‍ വീട്ടില്‍ കുരുന്നുകളെത്തി; അഭയകേന്ദ്രത്തില്‍ സന്തോഷം
എടച്ചേരി: രോഗങ്ങള്‍ക്കടിമപ്പെട്ട് മനസും ശരീരവും തളര്‍ന്നുപോയ ഒരുകൂട്ടം അമ്മമാര്‍ക്കിടയില്‍ സ്‌നേഹദൂതുമായി കുരുന്നു മാലാഖമാരെത്തി. ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും രോഗങ്ങള്‍ കാരണം കഷ്ടത അനുഭവിക്കുന്നവര്‍ക്കും അഭയമായ എടച്ചേരിയിലെ 'തണല്‍' വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂളിലെ ജെ.ആര്‍.സി അംഗങ്ങളായ കൊച്ചുകൂട്ടുകാര്‍ സ്‌നേഹ സായാഹ്നം തീര്‍ത്തത്.
വൃദ്ധ സദനത്തിലെത്തിയ കുട്ടിപ്പട ആടാനും, പാടാനും തുടങ്ങിയതോടെ അന്തേവാസികളായവര്‍ മതിമറന്ന് കുരുന്നുകള്‍ക്കൊപ്പംകൂടി.
മുത്തശ്ശിമാരായ മുഴുവന്‍ പേര്‍ക്കും കുട്ടികള്‍ സ്‌നേഹപൂക്കള്‍ സമ്മാനിച്ചു.
മണിക്കൂറുകളോളം ഇവിടെ ചിലവഴിച്ച വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നും കരുതിയ മധുര പലഹാരങ്ങളും പഴങ്ങളും അവര്‍ക്കൊപ്പം ഒന്നിച്ചിരുന്നു കഴിച്ചു. അധ്യാപകരായ അനിത ടീച്ചര്‍, ദിവിന്‍ മാസ്റ്റര്‍, അമല്‍ മാസ്റ്റര്‍, അര്‍ജുന്‍ മാസ്റ്റര്‍ സൗമ്യ ടീച്ചര്‍, ശാലിനി ടീച്ചര്‍ എന്നിവര്‍ കുട്ടികളോടൊപ്പം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."