തൊഴില്‍നിയമ ഭേദഗതി ശൂറ ചര്‍ച്ച ചെയ്യും
ജിദ്ദ: സഊദി തൊഴില്‍നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സഊദി ശൂറാ കൗണ്‍സില്‍ നാളെ ചര്‍ച്ച ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണു ഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. തൊഴില്‍നിയമത്തിലെ 75, 77, 214 വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം.
സ്വദേശികളെ ജോലിക്കു വയ്ക്കുന്നതും പിരിച്ചുവിടുന്നതുമാണു പ്രധാനമായും ഈ വകുപ്പുകള്‍ പ്രതിപാദിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം വന്നത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ തൊഴിലാളികളെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നതാണ് പ്രധാനപ്പെട്ട നിര്‍ദേശമെന്ന് കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ കുനൈസി പറഞ്ഞു.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ജോലി സമയം ആഴ്ചയില്‍ 40 മണിക്കൂറായി നിജപ്പെടുത്തണം. ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രമേ അനുവദിക്കാവൂ. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു കൂടുതല്‍ വേതനം നല്‍കാനും അംഗങ്ങള്‍ നിര്‍ദേശിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശൂറാ കൗണ്‍സില്‍ യോഗം ചേരുന്നത്.
അതേസമയം, സ്വകാര്യ ബിസിനസ് രംഗത്ത് വിദേശികളുടെ ആധിപത്യമാണെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഖസീം അല്‍ ഖാലിദി പറഞ്ഞു. തൊഴില്‍ വിസയില്‍ കഴിയുന്ന നിരവധി വിദേശികള്‍ നിയമവിരുദ്ധമായി ബിസിനസ് നടത്തുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."