ഒറ്റ പ്രസവത്തിലെ മൂന്നു കുഞ്ഞുങ്ങള്‍ക്കു പേര് 'ജറൂസലം, ഫലസ്തീന്‍, കാപിറ്റല്‍'
ഗസ്സ: പലതരം പ്രതിഷേധങ്ങള്‍ നാം കണ്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ ജറൂസലം പ്രഖ്യാപനത്തിനെതിരേയും ലോകമൊട്ടുക്കും വിവിധങ്ങളായ പ്രതിഷേധങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്. എന്നാല്‍, ഇവിടെ ഒരു ഫലസ്തീന്‍ ദമ്പതികള്‍ അവലംബിച്ചത് വേറിട്ടൊരു പ്രതിഷേധമുറയാണ്. അടുത്തിടെ തങ്ങള്‍ക്ക് ഒറ്റ പ്രസവത്തില്‍ പിറന്ന മൂന്നു കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ പേരു കൊണ്ട് കൗതുകമാകുകയാണ് ഗസ്സ മുനമ്പിലെ ഖാന്‍ യൂനുസില്‍നിന്നുള്ള നിദാല്‍-ഇസ്‌ലാം അല്‍ സൈഖലി ദമ്പതികള്‍.
രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജനിച്ചിരിക്കുന്നത്. ഇതില്‍ ഒരു ആണ്‍കുഞ്ഞിന് ജറൂസലം എന്നും മറ്റൊരാല്‍ക്ക് കാപിറ്റല്‍ എന്നും പെണ്‍കൊച്ചിന് ഫലസ്തീന്‍ എന്നുമാണ് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ച് രണ്ട് ആഴ്ച കഴിഞ്ഞാണ് ഇവര്‍ ലോകത്തേക്കു പിറന്നുവീണത്.
'മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കാനായതില്‍ ദൈവത്തിനു നന്ദി. അതിനാല്‍ മൂന്നു പേര്‍ക്കും പേരിട്ടു കൊണ്ട് ഫലസ്തീന്‍ ജനതയുടെ പ്രതിഷേധത്തിലും ഞങ്ങള്‍ക്കു ഭാഗമാകാനായി'-ത്രിത്രയങ്ങളുടെ മാതാവ് ഇസ്‌ലാം അല്‍ സൈഖലി പറഞ്ഞു. ട്രംപിന്റെ തീരുമാനത്ത് ഒരു വിലയുമില്ലെന്നും ജറൂസലം എന്നും ഫലസ്തീന്റെ തലസ്ഥാനമായിരിക്കുമെന്നും സൈഖലിയുടെ ഭര്‍ത്താവ് നിദാല്‍ വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവുമാണ് ഉയര്‍ന്നിരുന്നത്. ഫലസ്തീനില്‍ ഇടവേളയ്ക്കു ശേഷം വന്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."