കാര്‍ നല്‍കാമെന്നേറ്റ് 13 ലക്ഷം തട്ടിയ ആള്‍ അറസ്റ്റില്‍
ചാവക്കാട്: കാര്‍ നല്‍കാമെന്നേറ്റ് പണം കൈയിലാക്കി തട്ടിപ്പ് നടത്തുന്നയാള്‍ അറസ്റ്റില്‍. കോതമംഗലം വാരപ്പെട്ടി വളവില്‍ രാജ(47)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്,എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചാവക്കാട് സ്വദേശി പുതുവീട്ടില്‍ നൗഷാദിന്റെ പരാതിയിലാണ് നടപടി.
നൗഷാദിന് മൂന്ന് കാറുകള്‍ നല്‍കാമെന്ന് പറഞ്ഞ് രാജന്‍ തട്ടിയത് 13 ലക്ഷം രൂപയാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് പണം വാങ്ങിയത്. മറ്റൊരു കാറിനായി പണം നല്‍കാമെന്ന് പറഞ്ഞ് നൗഷാദിന്റെ സഹായത്തോടെയാണ് രാജനെ തന്ത്രപൂര്‍വ്വം ചാവക്കാട് എത്തിച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ തട്ടിപ്പ് രീതിയെപ്പറ്റി പൊലിസ് പറയുന്നിതിങ്ങനെ: പ്രതി രാജന്‍ നേരത്തെ ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളയാളാണ്. ഗള്‍ഫിലെ പരിചയം വച്ച് കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ ഗള്‍ഫുകാരായ പരിചയക്കാരുടെ കാറുകള്‍ നാട്ടിലെത്തുന്നവര്‍ക്ക് അവധിക്കാലത്ത് ഓടിക്കാനെന്ന വ്യാജ്യേന വാങ്ങും.
ഗള്‍ഫിലെ പരിചയം കണക്കിലെടുത്ത് കാറുകള്‍ താല്‍ക്കാലികമായി നല്‍കാന്‍ ഇവര്‍ തയാറാവും.ഈ കാറുകള്‍ ഇയാള്‍ ചാവക്കാട്, അകലാട്, പൊന്നാനി ഭാഗങ്ങളില്‍ കൊണ്ടു വന്ന് ആവശ്യക്കാര്‍ക്ക് വലിയ തുകക്ക് കൈമാറും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റം വരുത്താതെ മുദ്രക്കടലാസില്‍ സമ്മതപത്രം ഉണ്ടാക്കിയാണ് ഇത്തരത്തില്‍ അനധികൃതമായി കൈമാറ്റം നടത്തുന്നത്.
20-ലേറെ കാറുകള്‍ ചാവക്കാട്, പൊന്നാനി മേഖലയില്‍ ഇയാള്‍ വേറെ ആളുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ ഒരാള്‍ക്ക് തന്നെ അഞ്ച് കാറുകള്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നു. ഒരേ സമയം കാറിന്റെ യഥാര്‍ഥ ഉടമകളെയും കാറിനായി പണം നല്‍കുന്നവരെയും വഞ്ചിക്കുന്ന രീതിയാണ് പ്രതിയുടേത്. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ തട്ടിപ്പിനിരയായി കാര്‍ നഷ്ടപ്പെട്ടവരും കാറിനായി പണം നല്‍കിയവരും രംഗത്തെത്തുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."