പുതിയ യു.എസ് ആണവനയത്തിനെതിരേ അന്താരാഷ്ട്ര വിമര്‍ശം
ബെയ്ജിങ്/തെഹ്‌റാന്‍: പെന്റഗണ്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആണവ നയരേഖയ്‌ക്കെതിരേ അന്താരാഷ്ട്ര വിമര്‍ശനം. ഇന്നലെ ചൈനയും ഇറാനും നയരേഖയ്‌ക്കെതിരേ രംഗത്തെത്തി. അമേരിക്കയ്ക്ക് ഇപ്പോഴും ശീതയുദ്ധ കാലത്തെ മനോഭാവമാണെന്ന് ചൈന കുറ്റപ്പെടുത്തി. ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ് അമേരിക്കയെന്ന് ഇറാനും പ്രതികരിച്ചു. റഷ്യ നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍ പഴയ ശീതയുദ്ധകാല മനോഭാവം ഒഴിവാക്കണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. തങ്ങളുടെ ആണവനയം പ്രതിരോധാത്മകമാണെന്നും ഇതില്‍ അമേരിക്കയ്ക്കു വലിയ പങ്കുണ്ടെന്നും ചൈന പറഞ്ഞു. ചൈനയുടെ നിലപാട് ശരിയായ നിലയ്ക്കു മനസിലാക്കി അമേരിക്ക പഴയ മനോഭാവം ഒഴിവാക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയുടെ പുതിയ ആണവനയം അന്താരാഷ്ട്ര ആണവ നിര്‍വ്യാപന കരാറി(എന്‍.പി.ടി)ന്റെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആരോപിച്ചു. 'മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യാനാണ് അമേരിക്കയുടെ നീക്കം. 2015ലെ ഇറാന്‍ ആണവകരാറില്‍നിന്ന് പിന്മാറാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനു പിന്നിലും ഇതേ താല്‍പര്യമാണ് '-ശരീഫ് കൂട്ടിച്ചേര്‍ത്തു.
അമേരിക്ക യുദ്ധക്കൊതിയന്മാരാണെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം റഷ്യ പ്രതികരിച്ചിരുന്നു. അമേരിക്കയുടെ പുതിയ ആണവനയം അത്യന്തം ഖേദകരമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ചെറിയ ബോംബുകള്‍ കൊണ്ട് ആണവായുധ ശേഷി വികസിപ്പിക്കുമെന്ന് പെന്റഗണ്‍ പുറത്തുവിട്ട നയരേഖയില്‍ വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ദുഷ്‌കരമാണെന്നതിനാലാണ് ചെറിയ ഇനം ബോംബുകള്‍ വികസിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ തങ്ങള്‍ക്കു ശക്തമായ ആണവഭീഷണി ഉയര്‍ത്തുന്നതായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം പെന്റഗണ്‍ കൈക്കൊണ്ടത്. മൂന്ന് രാജ്യങ്ങളെയും പേരെടുത്തു തന്നെ രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ റഷ്യയെയാണ് കൂടുതലായും ലക്ഷ്യമിടുന്നത്.
ന്യൂക്ലിയര്‍ പോസ്ചര്‍ റിവ്യു എന്ന പേരിലാണ് നയരേഖ തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."