മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനിനെ ഇംപീച്ച് ചെയ്യാന്‍ സുപ്രിംകോടതി നീക്കം
മാലെ: മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യാമീനിനെ ഇംപീച്ച് ചെയ്യാന്‍ സുപ്രിംകോടതി നീക്കം. മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനുള്ള കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ഇംപീച്ച്‌മെന്റ് നടപടിയിലേക്കു നീങ്ങുന്നത്. അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യം കൂടുതല്‍ അസ്ഥിരതയിലേക്കു നീങ്ങുന്ന സൂചനയാണ് ഇതു നല്‍കുന്നത്.
യാമീനിനെ പുറത്താക്കാന്‍ സുപ്രിംകോടതി നീക്കം നടത്തുന്നതായി തനിക്കു വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഹമ്മദ് അനില്‍ അറിയിച്ചു. ഇത് രാജ്യത്തിന്റെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരമൊരു നീക്കം നിയമപരമായി മറികടക്കാന്‍ സര്‍ക്കാരിനാകും.
എന്നാല്‍, ഇംപീച്ച്‌മെന്റ് നടപടിയെ ചെറുക്കാന്‍ സര്‍ക്കാരും മുന്നൊരുക്കം ആരംഭിച്ചതായാണു വിവരം. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ കോടതി ഉത്തരവുണ്ടായാല്‍ എന്തു നടപടിക്കും തയാറായിക്കൊള്ളാന്‍ പൊലിസിനും പട്ടാളത്തിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെ പട്ടാളം പാര്‍ലമെന്റ് സീല്‍ ചെയ്തു. രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
അതിനിടെ, പാര്‍ലമെന്ററി സെക്രട്ടറി അഹ്മദ് മുഹമ്മദ് പദവി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജി. 12 പാര്‍ലമെന്റ് അംഗങ്ങളെ പുനഃസ്ഥാപിക്കാനുള്ള കോടതി ഉത്തരവ് താന്‍ അംഗീകരിക്കുമായിരുന്നുവെന്ന് രാജി പ്രഖ്യാപിച്ച ശേഷം മുഹമ്മദ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെതിരേ ഭീകരവിരുദ്ധ കുറ്റം ചുമത്തിയ സര്‍ക്കാര്‍ നടപടി മാലദ്വീപ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. നശീദിനൊപ്പം ജയിലിലടച്ച മറ്റ് എട്ടു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇവരെ വിചാരണ കൂടാതെ മോചിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷത്തേക്കു കൂറുമാറിയതിനെ തുടര്‍ന്ന് പദവി നഷ്ടമായ 12 പാര്‍ലമെന്റ് അംഗങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് രാജ്യവ്യാപകമായി കടുത്ത പ്രതിപക്ഷ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. കോടതി വിധിയെ യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും രാഷ്ട്രീയ തടവുകാരുടെ മോചനം വൈകുന്നത് അന്താരാഷ്ട്ര വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
പൊതുപണം ധൂര്‍ത്തടിക്കുക, മനുഷ്യാവകാശ ലംഘനം തുടങ്ങിയ ആരോപണങ്ങളുമായി നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനിനിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി കോടതി പരിഗണിച്ചിട്ടില്ല. നേരത്തെ അയോഗ്യരാക്കപ്പെട്ട 12 പേരെ പുനഃസ്ഥാപിക്കുന്നതോടെ 85 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനു ഭൂരിപക്ഷം ലഭിക്കും. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനാലാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഭരണകൂടം മടിക്കുന്നത്.
മാലദ്വീപില്‍ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നശീദിനെ 2012ല്‍ അബ്ദുല്ല യമീന്‍ അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു. തുടര്‍ന്നാണ് നശീദിനെതിരേ 13 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് അര്‍ഹതയുള്ള ഭീകരവിരുദ്ധ കുറ്റം ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."