സി.ആര്‍.പി.എഫ് ജവാന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കടകംപള്ളി
കോവളം: ഛത്തീസ്ഗഢില്‍ സി.ആര്‍.പി.എഫ് ഭടന്‍ വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ രാവിലെ ജവാന്റെ വീട് സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് സി.ആര്‍.പി.എഫ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സത്യം പുറത്തു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി ജവാന്റെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. ജവാന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കുന്നതിനു വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതിന് ബന്ധുക്കളുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു.
ജവാന്റെ മൃതദേഹം സംസ്‌കരിച്ച ഓലത്താന്നിയിലെ കുടുംബവീട്ടില്‍ നടന്ന മരണാനന്തിര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ജവാന്റെ ഭാര്യ സരിത മക്കളായ വൈഷ്ണവി ,വൈഷ്ണവ് എന്നിവരെ മന്ത്രിക്ക് നേരിട്ട് കാണാനായില്ല. സരിതയുടെ മാതാവുമായാണ് അദ്ദേഹം സംസാരിച്ചത്. സി.പി.എം. കോവളം ഏര്യാ സെക്രട്ടറി പി.എസ്.ഹരികുമാര്‍, പി.ചന്ദ്രകുമാര്‍, ബിപിന്‍, ഷിബു, അരുണ്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
സമഗ്രാന്വേഷണം നടത്തണമെന്ന് ചെന്നിത്തല
കോവളം : സി.ആര്‍.പി.എഫ് ഭടന്‍ സി.ആര്‍ ബിജുകുമാറിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയോടാവശ്യപ്പെടുമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജവാനോടും കുടുംബത്തോടും സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് ആക്ഷേപമുണ്ടെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് ജവാന്റെ വീട്ടില്‍ എത്തിയ രമേശ് ചെന്നിത്തല ഭാര്യയെയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.എം.വിന്‍സെന്റ് എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ, ജി സുബോധന്‍, സി.കെ വല്‍സലകുമാര്‍, വെങ്ങാനൂര്‍ കെ. ശ്രീകുമാര്‍, എന്‍.എസ്.നുസൂര്‍, അയൂബ്ഖാന്‍, പ്രഫുല്ലചന്ദ്രന്‍, ജയകുമാര്‍, മുജീബ് റഹുമാന്‍,സുധീര്‍,ജോണി ,കോട്ടുകാല്‍ പ്രദീപ്, കൃഷ്ണപ്രസാദ് ,കാട്ടുകുളം അനില്‍കുമാര്‍,എസ്.ആര്‍ സുജി, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."