വിമര്‍ശനത്തിലുറച്ച് ജേക്കബ് തോമസ് നടപടിക്കൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച ഡി.ജി.പി ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നല്‍കിയ ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കി. മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് മറുപടിയിലുള്ളത്.
അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന രാജ്യാന്തരപഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചത്. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ചസംഭവിച്ചുവെന്നു പറഞ്ഞത് ശാസ്ത്രീയ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്.
സ്വയം കണ്ടെത്തിയ കാര്യമല്ല ഇത്. നിയമവാഴ്ച സംബന്ധിച്ച തന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് എതിരല്ല. ആ സമയത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസംഗം. അഴിമതിക്കെതിരേ സംസാരിക്കുന്നവരെ 51 വെട്ട് വെട്ടിയില്ലെങ്കിലും നിശബ്ദമാക്കുമെന്ന പരാമര്‍ശം ചാര്‍ജ് മെമ്മോയില്‍ ഉന്നയിച്ചിരുന്നില്ല.
സസ്‌പെന്‍ഷനിലായതിനുശേഷവും ഫേസ്ബുക്കിലൂടെ ജേക്കബ് തോമസ് വിമര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ചാര്‍ജ് മെമ്മോ നല്‍കിയത്. 15 ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും മെമ്മോ കിട്ടിയ ഉടന്‍ മറുപടി നല്‍കുകയായിരുന്നു. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ജേക്കബ് തോമസ് മറുപടി നല്‍കിയതോടെ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്കാണ് പോകുന്നത്.
ചാര്‍ജ് മെമ്മോയും മറുപടിയും മുഖ്യമന്ത്രി പരിശോധിച്ചതിനുശേഷം ജേക്കബ് തോമസിന്റെ തെളിവെടുക്കുന്നതിനായി സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിക്കും. അതിനുശേഷം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നടപടി ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."