ഖാപ് പഞ്ചായത്തുകള്‍ക്ക് മുന്നറിയിപ്പ്; പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹിതരാകുന്നതില്‍ ഇടപെടേണ്ട: സുപ്രിം കോടതി
ന്യൂഡല്‍ഹി: മിശ്രവിവാഹിതര്‍ക്കെതിരേ യോഗം ചേര്‍ന്ന് നടപടിയെടുക്കുന്ന ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകള്‍ക്കെതിരേ സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹിതരാവുന്നതില്‍ ഇടപെടേണ്ടെന്നു സുപ്രിം കോടതി ഖാപ് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയായവര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം. ഏതുവിവാഹമാണ് സാധുവായത് ഏതാണ് മോശം ഏതാണ് നല്ലത് എന്നു പറയാനാവില്ല. അത്തരം കാര്യങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടേണ്ടതില്ല.
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ മൂന്നാമതൊരാള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ സുപ്രിംകോടതി, ആരും സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പികാരാകാന്‍ ശ്രമിക്കേണ്ടെന്ന താക്കീതും നല്‍കി. ഖാപ് പഞ്ചായത്തുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞമാസം കേസ് പരിഗണിക്കുന്നതിനിടെ ഖാപ് പഞ്ചായത്തുകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. രണ്ട് മുതിര്‍ന്നവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചാല്‍ അവരെ വിളിച്ചുവരുത്താനോ എതിര്‍നടപടികള്‍ സ്വീകരിക്കാനോ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ലോകമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നതുള്‍പ്പെടെയുള്ള നിരീക്ഷണമാണ് അമിക്കസ്‌ക്യൂറി അന്നു നടത്തിയത്. ഇതേതുടര്‍ന്ന് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ച കോടതി കേസ് ഇന്നലത്തേക്കു നീട്ടുകയായിരുന്നു.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ ഖാപ് പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ ന്യായീകരിക്കും വിധത്തിലാണ് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. വിവിധ മതസ്ഥര്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഉള്ള വിവാഹത്തെ എതിര്‍ക്കാറില്ലെന്നും സമാനജാതിക്കാര്‍ തമ്മിലുള്ള വിവാഹത്തെയാണ് എതിര്‍ക്കുന്നതെന്നും ഖാപ് പഞ്ചായത്ത് വാദിച്ചു. ഹരിയാനയിലെ പ്രത്യേക ലിംഗാനുപാതം മൂലം 25 ലക്ഷം യുവാക്കള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വിവാഹിതരായത്. സംസ്ഥാനത്ത വലിയൊരു വിഭാഗമായ ഹൂഡ ജാതിക്കാര്‍ ഒരിക്കലും സ്വന്തം ജാതിയില്‍പ്പെട്ടവരെ വിവാഹം കഴിക്കില്ല. ഹിന്ദു വിവാഹനിയമത്തിലും ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങളോട് വിയോജിച്ച ചീഫ്ജസ്റ്റിസ്, ഒരു പ്രബന്ധം എഴുതാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിങ്ങള്‍ സമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായി പ്രവര്‍ത്തിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ലെങ്കില്‍ കോടതി ഇക്കാര്യത്തില്‍ ആലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. കേസ് ഈ മാസം 16നു വീണ്ടും പരിഗണിക്കും.
ഗ്രാമങ്ങളില്‍ സമുദായനേതാക്കളുടെയോ ഗ്രാമത്തലവന്മാരുടേയോ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാരുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണു ഖാപ് പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."