കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ ക്ഷാമം ജനങ്ങള്‍ക്ക് ഇരുട്ടടി തകരാറിലായ മീറ്ററുകള്‍ മാറ്റി നല്‍കുന്നില്ലെന്ന്
മാനന്തവാടി: ഒരു സി.എഫ്.എല്‍ ലൈറ്റ് മാത്രം കത്തുന്ന ഗുമ്മട്ടി കടക്ക് വൈദ്യുതി ബില്ല് 2000 രൂപ. മീറ്റര്‍ തകരാറു മൂലം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. അതി വേഗത്തിലോടുന്ന മീറ്റര്‍ മാറ്റി നല്‍കാന്‍ കെ.എസ്.ഇ.ബി ഓഫിസിലെത്തിയാല്‍ മീറ്ററില്ലെന്ന് പതിവ് പല്ലവിയാണ് മാസങ്ങളായി കേള്‍ക്കുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു.
തകരാറുകള്‍ സംഭവിക്കുന്ന മീറ്ററുകള്‍ മാറ്റി നല്‍കാന്‍ കെ.എസ് ഇ.ബി ഓഫിസുകളില്‍ മീറ്ററുകള്‍ ലഭ്യമല്ലാത്തതാണ് ഉപഭോക്താക്കളെ വലക്കുന്നത്. ഇത് ബോര്‍ഡിനും കനത്ത നഷ്ടടമുണ്ടാക്കുന്നുണ്ട്. കുറഞ്ഞ താരിഫില്‍ ഉള്ള ചെറിയ വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവര്‍ക്കെല്ലാം മീറ്റര്‍ തകരാര്‍ കാരണം സാധാരണയിലും നാലും അഞ്ചും ഇരട്ടിബില്ലാണ് ലഭിക്കുന്നത്. പരിശോധനയില്‍ ഇത് മീറ്റര്‍ അമിത വേഗതയില്‍ പ്രവര്‍ത്തിക്കുന്നതാണ് കാരണമെന്ന് മനസ്സിലാകും. എന്നാല്‍ ഈ മീറ്ററുകളുമായി കെ.എസ്.ഇ.ബി. ഓഫിസുകളില്‍ എത്തിയാലാവട്ടെ മാറ്റി നല്‍കാന്‍ മീറ്ററുകള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
നിശ്ചിത തിയതിക്കുള്ളില്‍ ബില്ല് അടക്കാതിരുന്നാല്‍ വൈദ്യുതി വിഛേദിക്കുമെന്നുള്ളതിനാല്‍ തന്നെ തന്റേതല്ലാത്ത കാരണത്താല്‍ ഉപഭോഗം വര്‍ധിച്ച അധിക ബില്ല് അടക്കാന്‍ ഉപഭോക്താവ് നിര്‍ബന്ധിതനാവുകയാണ്. അധിക വൈദ്യുതി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ കുറഞ്ഞ റീഡിങ്ങ് രേഖപ്പെടുത്തുന്നത് ബോര്‍ഡിനും ലക്ഷങ്ങളുടെ നഷ്ട്ടമാണ് വരുത്തിവയ്ക്കുന്നത്. കെ.എസ്.ഇ.ബിയുടെ സ്റ്റോറില്‍ നിന്നാണ് മീറ്ററുകള്‍ ഓഫിസുകളില്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ ആവശ്യത്തിന് മീറ്ററുകള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിലെ ഒരു ഓഫിസിലും കേടായവക്ക് പകരം നല്‍കാന്‍ മീറ്ററുകള്‍ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മാനന്തവാടി സെക്ഷന്‍ ഓഫിസില്‍ മാത്രം ഇത്തരത്തിലുള്ള 2000 ത്തോളം എഫ്.എം (ഫാള്‍ട്ട് മീറ്റര്‍ ) മീറ്ററുകളാണ് കെട്ടികിടക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് മീറ്ററുകളുടെ വിതരണം മുടങ്ങുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ പുതിയ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് വകുപ്പ് മീറ്റര്‍ നല്‍കുന്നുമുണ്ട്.ബില്ലടക്കാത്തവരുടെ ഫീസ് ഊരാന്‍ എത്തുന്ന കെ.എസ്.ഇ.ബി അധികൃതര്‍ പുതിയ മീറ്ററുകള്‍ ലഭ്യമാക്കാന്‍ നടപടികളൊന്നുമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."