ശങ്കര്‍റെഡ്ഡിയുടേത് വഴിവിട്ട നിയമനമെന്ന് മുന്‍ ചീഫ് സെക്രട്ടറിയുടെ മൊഴി
തിരുവനന്തപുരം:ശങ്കര്‍ റെഡ്ഡിയ്ക്ക് ചട്ടം ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് വഴിവിട്ടാണെന്നും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍ വിജിലന്‍സിനു മൊഴി നല്‍കി. നിയമന ഉത്തരവില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു.
കേന്ദ്ര ചട്ടത്തിനെതിരാണിത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും വിയോജനകുറിപ്പ് എഴുതിയിട്ടുണ്ട്. ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കുന്നത് തെറ്റാണെന്ന് മന്ത്രിസഭാ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എതിര്‍പ്പ് മറികടന്നാണ് സ്ഥാനക്കയറ്റം നല്‍കി നിയമിക്കാന്‍ തീരുമാനിച്ചത്. മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് ഉത്തരവില്‍ ഒപ്പിട്ടിരുന്നില്ല. പലപ്രാവിശ്യം ആഭ്യന്തര മന്ത്രി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ നിയമ ലംഘനം നടത്താന്‍ താന്‍ ഒരുക്കമായിരുന്നില്ല. തനിയ്ക്ക് ശേഷം വന്ന പി.കെ മൊഹന്തിയാണ് ഉത്തരവില്‍ ഒപ്പിട്ടത്. അദ്ദേഹം ചാര്‍ജെടുത്ത ആദ്യ ദിവസമാണ് ഉത്തരവിറക്കിയത്. ഇദ്ദേഹത്തിന്റെ മൊഴിയെ തുടര്‍ന്ന് വിജിലന്‍സ് നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെത്തി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ നിലപാടും നിയമനം നല്‍കണമെന്ന ആഭ്യന്തരമന്ത്രിയുടെ കത്തും അടങ്ങുന്ന ഫയല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയ്ക്ക് ഫയല്‍ കണ്ടെത്തി നല്‍കണമെന്ന കത്തു നല്‍കി. ഫയല്‍ കണ്ടെത്തനായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതിയാക്കുമെന്ന് വിജിലന്‍സ് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് വിജിലന്‍സ് സംഘം ജിജി തോംസന്റെ മൊഴി എടുത്ത് ഫയല്‍ കണ്ടെത്താന്‍ ശ്രമിച്ചത്.
ഈ ആവശ്യത്തില്‍ പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
അതേ സമയം, എ.ഡി.ജി.പിയായിരുന്ന ശങ്കര്‍റെഡ്ഡിയെ ഡി.ജി.പി റാങ്കിലേയ്ക്ക് ഉയര്‍ത്തി തൊട്ടടുത്ത ദിവസം വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു. ഇന്നലെ ദ്രുതപരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമനം മുന്‍ സര്‍ക്കാര്‍ നടത്തിയതാണെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട്. നിയമനം അഴിമതിവിരുദ്ധ നിയമത്തിന് കീഴില്‍ വരില്ല. പ്രാഥമികാന്വേഷണം നടത്തുകയാണ് ചെയ്തതെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് ശങ്കര്‍റെഡ്ഡിക്കെതിരേ അന്വേഷണം നടത്തിയത്.
ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി.എസ് വിനോദാണ് ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശങ്കര്‍ റെഡ്ഡിയുടെ നിയമനം സുപ്രിം കോടതിയിലെ വിവിധ ഉത്തരവുകളുടെ ലംഘനമാണെന്നും, പൊലിസ് സര്‍വിസ് റൂള്‍ ലംഘനമാണെന്നും എ.ജിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവയുടെ മുഴുവന്‍ തെളിവുകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."