സഊദി ദേശീയ പൈതൃകോത്സവത്തിന് തുടക്കം
റിയാദ്: സഊദി നാഷനല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന 32-ാമത് ദേശീയ പൈതൃകോത്സവത്തിന് തുടക്കം. ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കടുക്കുന്ന മേളയില്‍ ഇന്ത്യന്‍ സഊദി സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ്.
അമൂല്യ പാരമ്പര്യമുള്ള അറബ്, ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ നേര്‍ ചിത്രം വരയ്ക്കുന്ന സംഗമഭൂമിയാകുന്ന ജനാദിരിയ്യയില്‍ മേള സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
അറേബ്യന്‍ കപ്പല്‍ എന്ന വിളിപ്പേരുള്ള ഒട്ടകയോട്ട മത്സരമായിരുന്നു ആദ്യം അരങ്ങേറിയത്. തുടര്‍ന്ന് ഇന്ത്യയുടെയും സഊദിയുടെയും വിവിധ കലാ-സാംസ്‌കാരിക മത്സരങ്ങള്‍ നടന്നു.
ബദര്‍ അല്‍ മുഹ്‌സിന്‍ രാജകുമാരന്‍ സംഘടിപ്പിച്ച സംഗീത പരിപാടി ചടങ്ങിന്റെ മാറ്റുകൂട്ടി. റിയാദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കലാരൂപങ്ങള്‍ അവതരിപ്പിച്ചത്. വ്യാഴാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുക.
കേരളത്തിന്റെ കലാപ്രകടനങ്ങള്‍ നടത്താന്‍ ആദ്യ മൂന്നു ദിവസമാണ് അനുവദിച്ചിട്ടുള്ളത്. സ്റ്റേജ് ഷോകളും അരങ്ങേറും. കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ സംഘം ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, വഞ്ചിപ്പാട്ട്, ചാക്യാര്‍കൂത്ത്, കഥകളി, യോഗ, വള്ളംകളി തുടങ്ങിയവ അവതരിപ്പിക്കും. വൈകിട്ട് നാലു മുതല്‍ 11 വരെയാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."