നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം
തൃക്കരിപ്പൂര്‍: നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം കായലുകളിലെ മത്സ്യസമ്പത്തിനു ഭീഷണിയാകുന്നു. മത്സ്യസമ്പത്തു ഗണ്യമായി കുറയുന്നതിനൊപ്പം നിരവധി മത്സ്യങ്ങള്‍ വംശനാശ ഭീഷണിയും നേരിടുകയുമാണ്. കവ്വായി കായലിലും അനുബന്ധിച്ചുള്ള ചെറുകായലുകളിലുമാണ് അനധികൃത മത്സ്യ ബന്ധനം നടക്കുന്നത്. കവ്വായിക്കായലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണു തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍.
ഇതരജില്ലകളില്‍ നിന്നെത്തി ചെറിയ കണ്ണികളുള്ള പറ്റുവല ഉപയോഗിച്ച് കായലിന്റെ അടിത്തട്ടു മുതല്‍ ചെറുമീനുകള്‍ അടക്കമുള്ളവയാണു കോരിയെടുക്കുന്നത്. ഇതില്‍ വലിയ മത്സ്യങ്ങളെ മാത്രം എടുത്തു ബാക്കിയുള്ള ജീവന്‍ നഷ്ടപ്പെട്ട ചെറുമീനുകളെ കായലില്‍ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. മത്സ്യ ബന്ധനത്തിനിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്കു വല നിറയെ മത്സ്യങ്ങള്‍ നല്‍കിയിരുന്ന കായലാണ് കവ്വായിക്കായല്‍. എന്നാല്‍ ഇന്ന് അശാസ്ത്രീയമായ മത്സ്യബന്ധനം കാരണം വലയുമായി ഇറങ്ങുന്ന തൊഴിലാളികള്‍ക്ക് മത്സ്യങ്ങള്‍ കിട്ടാക്കനിയാണ്. മാടക്കാല്‍ പ്രദേശങ്ങളിലും ഇടയിലെക്കാട് പ്രദേശത്തും കുട്ടികളടക്കമുള്ളവര്‍ മുട്ടോളം വെള്ളത്തില്‍ കൈകൊണ്ടു വലിയ ചെമ്മീന്‍ പിടിച്ചിരുന്നെങ്കില്‍ ഇന്നു ചെമ്മീന്‍ കണ്ടുകിട്ടുന്നില്ല.
മുന്‍ കാലങ്ങളില്‍ യഥേഷ്ടം ലഭ്യമായിരുന്ന പല മത്സ്യങ്ങളും ഇന്നു കായലില്‍ കാണുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സ്യക്കുഞ്ഞുങ്ങളടക്കമുള്ളവയെ വേട്ടയാടുന്ന അശാസ്ത്രീയമായ മത്സ്യബന്ധനം അധികൃതര്‍ തടയാന്‍ നടപടിയുണ്ടായില്ലെങ്കില്‍ തീരദേശവാസികള്‍ കായലില്‍ ഇറങ്ങി ഇത്തരക്കരെ പിടികൂടേണ്ടിവരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."