യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍: അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റി
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്തു പുറപ്പെടുവിച്ച വിവാദ ഉത്തരവുകള്‍ പരിശോധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റി. ഇന്നലെ ചേര്‍ന്ന യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തെങ്കിലും പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നുണ്ട്. മന്ത്രിമാര്‍ എല്ലാവരും റിപ്പോര്‍ട്ട് പരിശോധിച്ച് എത്തുകയാണെങ്കില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇല്ലെങ്കില്‍ അടുത്തയാഴ്ചത്തേക്കു മാറ്റും. മന്ത്രിസഭാ ഉപസമിതി 920 ഫയലുകളാണ് പരിശോധിച്ചത്. ഇതില്‍ 127 ഉത്തരവുകളില്‍ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ചട്ടവിരുദ്ധ ഉത്തരവുകളേറെയും റവന്യൂ വകുപ്പിലാണ്. ചട്ടങ്ങള്‍ മറികടന്ന് താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നിരവധി ഉത്തരവുകള്‍ മിക്ക വകുപ്പുകളിലുമുണ്ട്. പി.എസ്.സിയെ മറികടന്ന് പലരെയും സ്ഥിരപ്പെടുത്തിയത് ധനവകുപ്പിന്റെയും നിയമ വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ്.
ഇത്തരം സ്ഥിരപ്പെടുത്തല്‍ സുപ്രിം കോടതി വിലക്കിയിട്ടുണ്ട്. സുപ്രിം കോടതി ഉത്തരവ് ലംഘിച്ചുള്ള തീരുമാനമായതിനാല്‍ ഇവ പുനഃപരിശോധിക്കേണ്ടി വരും. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് മുന്‍ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത നല്‍കിയ വിശദീകരണവും ഉപസമിതി റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
എ.കെ ബാലന്‍ കണ്‍വീനറായ ഉപസമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ട് ആഴ്ചകളായി. എന്നാല്‍ ഇന്നലെയാണ് മന്ത്രിസഭ പരിഗണനയ്‌ക്കെടുത്തത്. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ ചില ഉത്തരവുകള്‍ വിവാദമായതിനെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ റദ്ദാക്കിയിരുന്നു. മെത്രാന്‍ കായലും കടമക്കുടി കായലും നികത്താനുള്ളതടക്കമുള്ള ഉത്തരവുകളാണ് റദ്ദാക്കിയത്. എന്നാല്‍, ചെമ്പ് കായല്‍ നികത്താനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നില്ല. ചില ഉത്തരവുകള്‍ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങളില്‍ പിഴവുണ്ടെന്നതിനാല്‍ അതിനെതിരേ നടപടി വേണമെന്ന് ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ ഹോപ് പ്ലാന്റേഷനു ഭൂമി പതിച്ചു നല്‍കിയതിലും കരുണ എസ്റ്റേറ്റിന് എന്‍.ഒ.സി നല്‍കിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ക്കു പുനര്‍നിയമനം നല്‍കിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിമാര്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം ഏതെങ്കിലും കേസില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ വേണമോ എന്ന കാര്യത്തിലും മന്ത്രിസഭ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."