'സാമ്‌ന'യെ നിരോധിക്കാനാവില്ല, ആവശ്യം അടിയന്തരാവസ്ഥയെന്ന് ഉദ്ദവ് താക്കറെ
പൂനെ: സാമ്‌നയെ നിരോധിക്കുക എന്നത് ഒരിക്കലും സംഭവ്യമല്ലെന്ന് ശിവ്‌സേന പ്രസിഡന്റ് ഉദ്ദവ് താക്കറെ. ശിവസേനയുടെ മുഖപത്രം സാമ്‌നയെ മൂന്നു ദിവസത്തേക്ക് നിരോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 16, 20,21 തിയതികളില്‍ സാമ്‌നയുടെ പ്രസിദ്ധീകരണം തടയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതായി അറിഞ്ഞു. അതൊരിക്കലും നടക്കാന്‍ പോവുന്നില്ല. ഇന്ദിര ഗാന്ധിയുടെ അടിയന്തരവസ്ഥയെ നിങ്ങള്‍ വിമര്‍ശിക്കാറില്ലേ. ഇതും അടിയന്തരാവസ്ഥ തന്നെയല്ലേ?.' അദ്ദേഹം ചോദിച്ചു.
മൂന്നു ദിവസത്തേക്ക് സാമ്‌നയുടെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് കത്തു നല്‍കിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രചാരണത്തിന സഹായിക്കും വിധമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സാമ്‌നയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 16, 20,21 തിയതികളില്‍ തടയണമെന്നാണ് ബി.ജെ.പിയുടെ കത്ത്.
എന്തിനാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് നടക്കുന്ന സ്‌ലങ്ങളില്‍ പ്രചരണത്തിന് പോകുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."