കശുവണ്ടി ഇറക്കുമതി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്നു വിജിലന്‍സ് കണ്ടെത്തല്‍.
കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇടപെട്ടെന്ന ആരോപണത്തില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇറക്കുമതിയില്‍ ഇടപെട്ടതില്‍ മന്ത്രിയുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതില്ലെന്ന നിലപാടിലാണ് വിജിലന്‍സ്. ഫാക്ടറികള്‍ തുറക്കുക മാത്രമായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
തോട്ടണ്ടി ഇറക്കുമതിയില്‍ പത്തരക്കോടിയുടെ അഴിമതി നടന്നെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി സതീശന്‍ എം.എല്‍.എയാണ് ആദ്യം നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.
കുറഞ്ഞ വില ക്വാട്ട് ചെയ്ത കമ്പനികളെ തഴഞ്ഞു കൂടിയ വില മുന്നോട്ടുവച്ച കമ്പനിയില്‍നിന്നു കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങിയെന്നും വില കൂടിയെന്ന കാരണത്താല്‍ ടെന്‍ഡര്‍ നിരസിച്ച കമ്പനിയില്‍ നിന്നുതന്നെ 10 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വിലയ്ക്ക് കാപെക്‌സ് തോട്ടണ്ടി വാങ്ങിയെന്നുമാണ് പ്രധാന ആരോപണം. ഒരു കമ്പനിക്ക് ടെന്‍ഡര്‍ കിട്ടാന്‍ രേഖകളില്‍ കൃത്രിമം കാണിച്ചതായും ആക്ഷേപമുണ്ടായിരുന്നു.
എന്നാല്‍ ടെന്‍ഡറില്‍ ഡോളര്‍നിരക്ക് രേഖപ്പെടുത്തിയാണ് തോട്ടണ്ടി വാങ്ങിയത് ഇന്ത്യന്‍ രൂപയിലായതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് സതീശന്റെ ആരോപണത്തിനു കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി.
മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവും കാപെക്‌സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറുപ്പിനും പുറമെ കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപെക്‌സിന്റെയും എം.ഡിമാര്‍, തോട്ടണ്ടി നല്‍കിയ അഞ്ചു സ്ഥാപനങ്ങളുടെ മേധാവിമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."