വട്ടിപ്പലിശക്കെണിയില്‍നിന്ന് രക്ഷപ്പെടാനാവാതെ വീട്ടമ്മ
ചാവക്കാട് : കടമെടുത്ത പണത്തിന്റെ അഞ്ചിരട്ടി പലിശ നല്‍കിയിട്ടും വട്ടിപ്പലിശക്കാരിയുടെ ഊരാക്കുടുതക്കില്‍ നിന്ന് രക്ഷപെടാനാവാതെ വീട്ടമ്മ ദുരിതത്തില്‍. തെക്കന്‍ പാലയൂര്‍ ജയന്തി റോഡില്‍ പണിക്കവീട്ടില്‍ പരേതനായ അസീസിന്റെ ഭാര്യ സുഹറയാണ് ( 61 ) തമിഴ് നാട്ടുകാരിയായ വട്ടിപലിശകാരിയുടെ കൊള്ളപ്പലിശയില്‍ പെട്ട് രക്ഷപ്പെടാനാകാതെ ഊരാക്കുരുക്കില്‍ ദുരിതത്തില്‍ കളിയുന്നത്.
മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികള്‍ക്കുമാണ് ഇവര്‍ പരാതി നല്‍കിയത്. ഭര്‍ത്താവുപേക്ഷിച്ച ഏക മകളുമായി സഹോദരന്റെ ആശ്രയത്തില്‍ അവരുടെ വീട്ടിലാണ് സുഹറ ഇപ്പോള്‍ താമസിക്കുന്നത്. നേരത്തെ പാലയൂരിലെ ഒരു കാറ്ററിംഗ് സെന്ററില്‍ പത്തിരിയുണ്ടാക്കുന്ന ജോലിചെയ്തിരുന്നു. ഇപ്പോള്‍ ഗുരുവായൂരില്‍ താമസിക്കുന്ന തമിഴ് നാട്ടുകാരി മാരീശ്വരിയില്‍ നിന്നാണ് പണം പലിശക്ക് വാങ്ങിയത്. നേരത്തെ സുഹറയുടെ അയല്‍ വീട്ടിലായിരുന്നു ഈ സ്ത്രീ താമസിച്ചിരുന്നത്. 2015 ലാണ് സുഹറ ആറ് തവണയായി 1.20 ലക്ഷം രൂപ വാങ്ങിയത്.
ഇരുപത് ശതമാനം നിരക്കില്‍ പ്രതിമാസം 24,000 രൂപയയാണ് സുഹറ നല്‍കിയിരുന്നത്. തുടര്‍ച്ചയായി ഇരുപത്തിയൊന്നു മാസം മൊത്തം അഞ്ച് ലക്ഷത്തിലേറെ സുഹറ പലിശ നല്‍കിക്കൊണ്ടിരുന്നു. പിന്നീട് ഹ്യദയസംബന്ധമായ അസുഖം വന്ന് ജോലിക്ക് പോകാന്‍ സാധിക്കാതായതോടെയാണ് പലിശ കൊടുക്കുന്നത് മുടങ്ങിയത്. ഇതോടെ ഫോണില്‍ വിളിച്ചും വീട്ടിലെത്തിയും നിരവധി തവണ ഭീഷണിയുണ്ടായി.
പണത്തിനു രേഖയായി സുഹറയില്‍ നിന്ന് മുദ്ര പത്രങ്ങളും ചെക്ക് ലീഫുകളും നിര്‍ബന്ധിച്ച് വാങ്ങിയത് പോരാതെ മകളുടെ പേരിലുള്ള ചെക്കുകളും മുദ്ര പത്രങ്ങളും ഒപ്പിടിച്ച് വാങ്ങി. പണം നല്‍കാം മകളുടെ പേരില്‍ ആകെയുള്ള കുറച്ച് സ്ഥലം വില്‍ക്കുന്നത് വരെ സാവകാശം തരണമെന്ന് പറഞ്ഞപ്പോഴാണ് മുദ്രപത്രം വാങ്ങി മകളെ കൊണ്ട് ഒപ്പിടാന്‍ നിര്‍ബന്ധിച്ചത്. വസ്തു വില്‍ക്കാന്‍ താമസിച്ചതോടെ വീണ്ടും വീട്ടിലെത്തി ഭീഷണി തുടര്‍ന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം മാരീശ്വരി തന്നെ പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. പലിശക്കാണ് പണം നല്‍കിയതെന്ന കാര്യവും ഉമ്മയുടേയും മകളുടേയും പേരിലുള്ള ചെക്കുകളും മുദ്രപേപ്പറുകളും കൈക്കാലാക്കിയതും മാരിശ്വരി മറച്ചുവെച്ചാണ് പൊലീസിനെ സമീപിച്ചതത്രെ.
ഇതറിയാതെ പൊലീസ് സുഹറയെ സ്റ്റേഷനില്‍ വിളിപ്പിച്ച് മാരീശ്വരിക്ക് പണം നല്‍കാനാവശ്യപ്പെട്ടു. എന്നാല്‍ പ്രതിമാസം 24,000 രുപ പലിശയായി ഇരുപത്തിയൊന്ന് മാസം തന്റെ കയ്യില്‍ നിന്നും വാങ്ങിയെന്നും നിരവധി ചെക്കുകളും , മുദ്രപത്രങ്ങളും കൈക്കലാക്കിയെന്നും സുഹറ പൊലീസില്‍ അറിയിച്ചു. മാരിശ്വരി കൈക്കലാക്കിയ രേഖകള്‍ തിരിച്ച് നല്‍കിയാല്‍ വായ്പ്പയായി വാങ്ങിയ പണം തിരിച്ച് നല്‍കാമെന്നും വസ്തുവില്‍ക്കുന്നത് വരെ സാവകാശം വേണമെന്നും വയോധിക ആവശ്യപ്പെട്ടപ്പോള്‍ ഒരു പൊലീസുകാരന്‍ പരിഹസിച്ചതായും ഇവര്‍ പറയുന്നുണ്ട്.
ചാവക്കാട് പൊലീസില്‍ നിന്ന് നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നതിനാലാണിവര്‍ താന്‍പെട്ടു കിടക്കുന്ന ഊരാക്കുടുക്കിനെക്കുറിച്ച് അറിയിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ തേടിയെത്തിയത്. തുടര്‍ന്നാണ് ഈ വിവരങ്ങളെല്ലാം കാണിച്ച് സുഹറ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."