നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം
തിരുവനന്തപുരം: എഡിഎം നവീൻബാബുവിനെതിരായ പരാതി മരണശേഷം തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയതാണെന്ന സംശയം മൂർഛിക്കുന്നു. ഔദ്യോഗിക മാർഗ്ഗത്തിലൂടെയല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പരാതി എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണം ശക്തിപ്പെടുത്താൻ ആയുധമാക്കുകയായിരുന്നു. വ്യാജപരാതിക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
എഡിഎമ്മിൻ്റെ ദാരുണമരണത്തിന്റെ ഞെട്ടലിനിടെയാണ് പരാതി വ്യാപകമായി പ്രചരിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്ന നിലയിലായിരുന്നു പ്രചാരണം. പെട്രോൾ പമ്പിൻ്റെ അനുമതി ബോധപൂർവ്വം വൈകിപ്പിച്ച് ഒടുവിൽ 98500 രൂപ കൈക്കൂലി നൽകിയതിന് പിന്നാലെ അനുമതി നൽകിയെന്നായിരുന്നു പരാതിയിൽ പറയുന്നത്. പ പരാതി തലസ്ഥാനത്തെ പാർട്ടി കേന്ദ്രങ്ങളിൽ തയ്യാറാക്കിയതാണെന്ന സൂചനയാണ് ഇപ്പോൾ വരുന്നത്. നവീൻബാബുവിൻ്റെ മരണത്തിന് ശേഷം പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയ പരാതിയെന്നാണ് വിവരം. അതാണ് പ്രശാന്തിൻ്റെ ഒപ്പും പേരും മാറാനുള്ള കാരണം. പരാതി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഔദ്യോഗിക രീതിയിൽ അല്ലാതെ കൈമാറിയെന്നാണ് വിവരം. പരാതിയിലെ തിയ്യതി ഈ മാസം 10 ആണ്. മരണശേഷം തയ്യാറാക്കി പഴയ തിയ്യതി വെച്ച് കൈമാറിയെന്നാണ് അറിയുന്നത്. അതു കൊണ്ടാണ് പരാതി സ്വീകരിച്ചു എന്നതിൻ്റെ നമ്പറും വിവരങ്ങളും പുറത്ത് വരാത്തത്.
അതേസമയം, പരാതി മെയിലിൽ അയച്ചെന്നും വാട്സ് അപ്പിൽ നൽകിയെന്നുമൊക്കെയായിരുന്നു പ്രശാന്ത് പറയുന്നത്. വ്യാജപരാതിയെന്ന് തെളിഞ്ഞതോടെ പ്രശാന്ത് ഇപ്പോൾ മിണ്ടുന്നില്ല. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല. അതായത് എഡിഎം മരിച്ചിട്ടും കൈക്കൂലിക്കാരനാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പരാതി. പരാതിയെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും ഒരുതരത്തിലുള്ള അന്വേഷണവും നിലവിൽ നടക്കുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."