നിസ്സഹായനാണ് മനുഷ്യന്‍
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയുടെ സ്വത്താണ് ഇന്നു വലിയ വാര്‍ത്ത. തമിഴകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന നാടകീയവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വിവേകമുള്ള മനുഷ്യന്റെ ബോധമണ്ഡലത്തില്‍ അനിവാര്യമായ ചില ചിന്തകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
2015 ജൂണിലെ ഉപതെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കുന്ന ഘട്ടത്തില്‍ ജയലളിത വെളിപ്പെടുത്തിയത് 117.13 കോടി രൂപയുടെ സ്വത്താണ്. 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥാവരവസ്തുക്കളും ഉള്‍പ്പെടുന്നതാണ് ആ സ്വത്ത്. 2015 ഏപ്രിലില്‍ ജയലളിത വെളിപ്പെടുത്തിയത് 113.73 കോടി രൂപയുടെ സ്വത്താണ്. അവരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ കണക്കു വ്യക്തമല്ല. 800 കിലോ വെള്ളിയും 23 കിലോ സ്വര്‍ണവും ഇടക്കാലത്ത് അവരില്‍നിന്നു കണ്ടുകെട്ടിയിരുന്നു. നാല്‍പതിലധികം കമ്പനികളില്‍ ഷെയറുണ്ടായിരുന്നു അവര്‍ക്ക്.
അവരുടെ സ്വത്തു വിശദീകരിക്കലല്ല ഇവിടെ ലക്ഷ്യം. ഇത്രയധികം സ്വത്തുണ്ടായിരുന്ന ജയലളിതയുടെ ഇന്നത്തെ അവസ്ഥയെന്താണ്. പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആര്‍ഭാടത്തിലും ആഢംബരത്തിലും കൊട്ടാരത്തെ വെല്ലുന്ന 'വേദനിലയ'ത്തില്‍ താമസിച്ച അവര്‍ ഇന്ന് എവിടെ കിടക്കുന്നു. അത്യുന്നതങ്ങളില്‍ വിരഹിച്ചിരുന്നവര്‍ എവിടെയെന്ന ചിന്ത നമ്മുടെ മനസ്സിലുമുയരണം.
മലയാളത്തിന്റെ പ്രിയ കവയിത്രിയായിരുന്ന സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കവിതാശകലം ഇവിടെ ഓര്‍ക്കേണ്ടതാണ്.
'സമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലിതില്‍.'
മനുഷ്യനു താന്‍ ശേഖരിച്ചുവച്ചതൊന്നും കൊണ്ടുപോകാന്‍ കഴിയില്ല, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താന്‍ ചെലവഴിച്ചതല്ലാതെ.
മനുഷ്യന്റെ ഏറ്റവും പരിതാപകരമായ ഈ അവസ്ഥയെക്കുറിച്ച് അല്ലാഹു പറയുന്നതിപ്രകാരം: '(അന്യരെ) ധാരാളം ദൂഷണം പറയുകയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന എല്ലാവര്‍ക്കും വമ്പിച്ച നാശം. ധനം ശേഖരിക്കുകയും അത് എണ്ണിക്കണക്കാക്കി വയ്ക്കുകയും ചെയ്തവര്‍ക്ക്. തന്റെ ധനം തന്നെ (ഇവിടെ) ശാശ്വതമാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു. അതുവേണ്ട. നിശ്ചയമായും അവന്‍ ഹുഥമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.'( അല്‍ ഹുമസഃ).
ധനം ശേഖരിക്കുകയും നല്ല വിഷയത്തില്‍ ചെലവാക്കാതെ എണ്ണിക്കണക്കാക്കി അതിന്റെ പെരുപ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്ന ധനപൂജകരുടെ സ്വഭാവമാണ് അല്ലാഹു പറയുന്നത്. അത്തരക്കാര്‍ക്കു കഠിനശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കുന്നു.
മനുഷ്യന്‍ ബലഹീനനാണ്. ചെറിയൊരു രോഗമോ ദുരന്തമോ പ്രതിരോധിക്കാനാകാത്ത പാവം ജീവി. ഇതര ജീവികളിലേക്കു ചേര്‍ത്തുനോക്കിയാല്‍ പല നിലയ്ക്കും ബലഹീനന്‍. സ്രഷ്ടാവ് അനുഗ്രഹിച്ചു നല്‍കിയ അത്ഭുതകരമായ ബുദ്ധിയുടെ കരുത്തില്‍ ടെക്‌നോളജി കൈമുതലാക്കി അവന്‍ ഉന്നതങ്ങള്‍ കീഴടക്കിയെന്നു മാത്രം.
ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് തനിക്ക് അപാരമായ അനുഗ്രഹങ്ങള്‍ നല്‍കിയ മഹാശക്തിയെക്കുറിച്ചുള്ള ചിന്തപോലുമുണ്ടാകുന്നില്ല. സ്രഷ്ടാവിന്റെ അസ്തിത്വം അനുഭവിച്ചറിഞ്ഞിട്ടും അവന് അതു വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്നില്ല. മനുഷ്യനു ജീവിക്കാനാവശ്യമായ വായുവും വെള്ളവും യഥേഷ്ടം സജ്ജീകരിച്ചു വച്ച ശക്തിയോട് അവന്‍ നന്ദികേടു കാണിക്കുന്നു.
ചന്ദ്രനിലേക്കു പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ ഏതാനും നിമിഷത്തേയ്ക്കു ശ്വസിക്കുവാനായി ലക്ഷക്കണക്കിന് രൂപയുടെ സജ്ജീകരണങ്ങളാണ് കൂടെ കൊണ്ടുപോകുന്നത്. നാം ശ്വസിക്കുന്ന ഓക്‌സിജനു വിലനിര്‍ണയിച്ചാല്‍ എന്താകും നമ്മുടെ അവസ്ഥ. നാം ഉപയോഗിക്കുന്ന വെള്ളത്തിനു വില നിര്‍ണയിച്ചാല്‍ എന്താകും അവസ്ഥ.
ഫില്‍റ്റര്‍ചെയ്തതെന്ന് അവകാശപ്പെടുന്ന വെള്ളം ലിറ്ററിന് ആറു രൂപ തോതില്‍ നമ്മുടെ നാട്ടില്‍തന്നെ ചിലയിടങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. കുപ്പിവെള്ളത്തിന് പതിനഞ്ചും ഇരുപതും രൂപയാണെന്ന് ഓര്‍ക്കുക. നാം നിത്യേന ഉപയോഗിക്കുന്ന വെള്ളം എത്ര ലിറ്ററാണെന്നും അതിന് എത്ര രൂപ വില മതിക്കുമെന്നും ആലോചിക്കുന്നതു നമ്മുടെ നിസ്സാരത സ്വയം ബോധ്യപ്പെടാന്‍ ഉപകരിക്കും.
മാസത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ വെള്ളമാണു നാം സൗജന്യമായി ഉപയോഗിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവ് നമുക്ക് ഒരുക്കിത്തന്നിട്ടുള്ള വെള്ളം ലഭിക്കാതെയായാല്‍ നാം എങ്ങനെ അതു നേടാന്‍ ശ്രമിക്കും. അതിനു നമുക്കു സാധ്യമല്ല.
അല്ലാഹു പറഞ്ഞതു നോക്കൂ: 'ചോദിക്കുക: നിങ്ങളൊന്നു പറയൂ, നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ നിങ്ങള്‍ക്ക് ഒഴുകുന്ന വെള്ളം ആരാണ് കൊണ്ടുവന്നുതരിക'.(മുല്‍ക്)
ഇഷ്ടപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ തനിക്കു മുന്നില്‍ ഒരുക്കിവച്ച അല്ലാഹുവിനോടു മനുഷ്യനു നന്ദി തോന്നേണ്ടതാണ്. എന്നാല്‍, നിലനില്‍ക്കാനുള്ള സംവിധാനമൊരുക്കിയ ശക്തിയോടു മനുഷ്യന്‍ നന്ദികേടു കാണക്കാന്‍ തന്നെയാണു തുനിയുന്നത്.
അല്ലാഹു പറയുന്നത് ഇങ്ങനെ ഖുര്‍ആനില്‍ നമുക്കു വായിക്കാം: 'എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തിലേക്കു ഒന്ന് (ചിന്തിച്ചു) നോക്കട്ടെ. നിശ്ചയമായും നാം (മഴ) വെള്ളം ശക്തിയായി ചൊരിച്ചു. പിന്നെ ഭൂമിയെ നാം പിളര്‍ത്തി. എന്നിട്ട് അതില്‍ ധാന്യങ്ങളും മുന്തിരിയും പച്ചയില്‍ മുറിച്ചെടുക്കുന്ന സസ്യങ്ങളും ഒലീവും ഈത്തപ്പനയും (വൃക്ഷങ്ങള്‍)ഇടതിങ്ങി തൂര്‍ന്നുനില്‍ക്കുന്ന തോട്ടങ്ങളും പഴങ്ങളും കാലിത്തീറ്റയും നാം മുളപ്പിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും ഉപയോഗത്തിനുവേണ്ടി. '(അബസ)
ഒന്നുമില്ലാതെ ജനിക്കുന്ന മനുഷ്യന് ആവശ്യമായതെല്ലാം തന്റെ ചുറ്റുപാടുകളില്‍ ഒരുക്കിവച്ചിരിക്കുന്നു. സ്വന്തം ശരീരത്തില്‍ അതിസങ്കീര്‍ണമായ വ്യവസ്ഥിതികള്‍ വളരെ നിസ്സാരമായി അവന്‍ സംവിധാനിച്ചിരിക്കുന്നു. മനുഷ്യനു നല്‍കപ്പെട്ടതിലും ഉത്തമമായ ഒരു ശരീരത്തെ വിഭാവന ചെയ്യാന്‍പോലും അവനു കഴിയില്ല. കണ്ണുകളും കാതുകളും മൂക്കും വായും നാക്കും പല്ലുകളും കൈകളും കാലുകളുമെല്ലാം അതതിന്റെ സ്ഥാനങ്ങളില്‍തന്നെയാണ് അതിനെ സൃഷ്ടിച്ചവന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സ്വശരീരം നിയന്ത്രിക്കാന്‍ മനുഷ്യന്‍ അശക്തനാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏതാനും നിമിഷം നിലച്ചാല്‍ അവന്റെ എല്ലാ കഴിവുകളും നഷ്ടമാകും. ഹൃദയം അല്‍പസമയം പണിമുടക്കിയാല്‍ മനുഷ്യന്റെ ശ്വാസം നിലയ്ക്കും. ശരീരത്തിലെ ഏതെങ്കിലുമൊരു വ്യവസ്ഥയ്ക്കു ചെറിയൊരു തകരാറു വന്നാല്‍ ശരീരസംവിധാനങ്ങളാകെ തകരാറാകും അതാണ് വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ്യം: 'മനുഷ്യന്‍ ബലഹീനന്‍ ആയി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'. (അന്നിസാഅ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."