ഓട്ടോഡ്രൈവറെ മര്‍ദിച്ച് അവശനാക്കി പണവുമായി കടന്ന നാലംഗ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍
മലയിന്‍കീഴ്: രാത്രി ഓട്ടത്തിനു വിളിച്ചുകൊണ്ടു പോയി ഓട്ടോ ഡ്രൈവറെ മര്‍ദിച്ചവശനാക്കി പണം കവര്‍ന്ന ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടയില്‍. പേയാട് ചീലപ്പാറ ഐശ്വര്യ ഭവനില്‍ അമല്‍ എസ്.കുമാര്‍(18), ചീലപ്പാറ ആറ്റൂര്‍ക്കോണത്ത് പുത്തന്‍ വീട്ടില്‍ കുട്ടു എന്നു വിളിക്കുന്ന രാജേഷ്( 18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ടു പേര്‍ ഒളിവിലാണ്.
കഴിഞ്ഞ 14 ന് രാത്രിയിലാണ് സംഭവം. തമ്പാനൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ പാറശ്ശാല കരോട് കുഴിഞ്ഞാംവിള വടവൂര്‍ക്കോണം സ്വദേശി ഷിബുലാല്‍( 30) ആണ് മര്‍ദനത്തിനിരയായത്. രാത്രി തമ്പാനൂര്‍ സ്റ്റാന്‍ഡിലെത്തിയ നാലംഗ സംഘം പേയാടിനു സമീപം കുരിശുമുട്ടത്തു പോകാന്‍ ഷിബുലാലിന്റെ ഓട്ടോ വിളിച്ചു. കുരിശുമുട്ടത്ത് എത്തിയശേഷം ഇവര്‍ ഇറങ്ങിയില്ല. ഇതിനിടെ സംശയം തോന്നിയ ഷിബുലാല്‍ തനിക്ക് മടങ്ങി പോകണമെന്നും ചാര്‍ജ് തരണമെന്നും പറഞ്ഞു. എന്നാല്‍ ഇവര്‍ അതിനു തയ്യാറാകാതെ മര്‍ദിക്കുകയായിരുന്നു. ഷിബുലാലിന്റെ കൈയിലുണ്ടായിരുന്ന 900 രൂപയും മൊബൈലും എടിഎം കാര്‍ഡും കവര്‍ന്നു . അപരിചിത സ്ഥലമായതിനാല്‍ പേടിച്ച് ഷിബുലാല്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മലയിന്‍കീഴ് പൊലിസില്‍ പരാതി നല്‍കി. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്.
ഈ സംഭവത്തിനു മുന്‍പ് പ്രതികള്‍ ഉള്‍പ്പെട്ട മറ്റൊരു സംഭവവും നടന്നതായി പൊലിസ് പറയുന്നു. ഇവര്‍ ഉള്‍പ്പെടുന്ന ഒമ്പതംഗ സംഘം ഒരു കാര്‍ വാടകക്കെടുത്ത് കന്യാകുമാരിയിലേക്കു പോയി. അവിടെ നിന്നും മടങ്ങിവരവെ മാര്‍ത്താണ്ഡത്ത് വച്ച് വഴിയിലൂടെ പോയ വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചു. സംഭവം കണ്ട് നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. പിടിയിലാകുമെന്ന് കണ്ട സംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍ സംഘത്തിലെ അഞ്ചു പേരെ നാട്ടുകാരും പിന്നാലെ എത്തിയ പൊലിസും പിടികൂടി.
ബാക്കിയുള്ള നാല് പേരാണ് തിരുവനന്തപുരത്തെത്തി പണം കവര്‍ച്ച ചെയ്തത്. മാര്‍ത്താണ്ഡം പൊലിസ് കൈമാറിയ വിവരങ്ങളുടെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."