പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും
തൃശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് എ നേതാവ് ഹനീഫ വധക്കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് വരെ നടന്ന അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനും മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനും ഇടപെട്ട് ചാവക്കാട് മുന്‍ സി.ഐ മുനീറില്‍ സ്വാധീനം ചെലുത്തിയാണ് അട്ടിമറി നടത്തിയത്. എഫ്.ഐ.ആറില്‍ ഗോപപ്രതാപന്റെ പേരുണ്ടായിട്ടും ഒഴിവാക്കി. എഫ്.ഐ.ആറിലെ മറ്റുപ്രതികളായ ഷാഫിയെയും സച്ചിനെയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശത്തേക്ക് കടത്തിയിരിക്കുകയാണ്. ഇവരെ വീണ്ടും ചോദ്യം ചെയ്ത് പ്രതിപട്ടികയില്‍ ചേര്‍ക്കണം. കൊല്ലപ്പെടുന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസം ജീവന് ഗോപപ്രതാപനില്‍ നിന്നും ഭീഷണിയുള്ളതായി ഹനീഫ സി.ഐ മുനീറിന് പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ നടപടിയെടുക്കാതെ മുക്കിയ സി.ഐക്കെതിരെയും നടപടി വേണം. അഡീഷനല്‍ എസ്.ഐ രാധാകൃഷ്ണനും ഗൂഢാലോചന നടത്തിയാണ് കേസ് അന്വേഷണം അട്ടിമറിച്ചത്. ഉമ്മയുടെ മൊഴി രേഖപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം.
സംഭവ ശേഷം ഗോപപ്രതാപന്‍ ഹനീഫയുടെ ഉമ്മയെ നേരിട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിലും അന്വേഷണം വേണം. കോണ്‍ഗ്രസിലെ ഐ വിഭാഗത്തോടൊപ്പം ലീഗിലെ ഒരു വിഭഗവും അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നിട്ടുണ്ട്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ ഫസലുവിനെ അറസ്റ്റ് ചെയ്യാത്തതും പൊലിസിന്റെ പക്ഷപാത നടപടിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഹനീഫയുടെ ബന്ധുക്കള്‍ക്കെതിരെ എട്ടോളം ക്രിമിനല്‍ കേസുകള്‍ എടുക്കാനാണ് ചാവക്കാട് പൊലിസ് ധാര്‍ഷ്ട്യം കാണിച്ചത്. ഈ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഹനീഫയുടെ സഹോദരങ്ങളായ എ സി സെയ്ത് മുഹമ്മദ്, എ സി ഷാനവാസ്, പിതൃസഹോദരന്‍ എ സി കോയ, സുഹൃത്തുക്കളായ കെ കെ ഇല്‍യാസ്, കെ എം ഷാഹു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."