മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയെ കാണുന്നു
കൊണ്ടോട്ടി:കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി,വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍,വകുപ്പ് മന്ത്രി എന്നിവരുമായി വിഷയം അടുത്ത ദിവസം ചര്‍ച്ച ചെയ്യും.
പ്രധാനമന്ത്രി,വ്യോമയാന മന്ത്രി, കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി തുടങ്ങിയവരെ വിഷയം ബോധ്യപ്പെടുത്തും. പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുടേയും പിന്തുണ തേടും. ഇത് സംബന്ധിച്ച് എം.പിമാര്‍ക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.
റണ്‍വേ നവീകരണം അവസാനിച്ചിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍ തുടരുന്നത് നീതികരിക്കാനാവില്ലെന്ന് യോഗത്തിന് ശേഷം ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
800 മുതല്‍ ആയിരം ഹാജിമാര്‍ക്ക് ഒരേ സമയം താമസിക്കുന്നതിനും ഇഹ്‌റാം കെട്ടുന്നതിനുമുള്ള സൗകര്യം ഹജ്ജ് ഹൗസിലുണ്ട്. ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നാകുമ്പോള്‍ അധിക ചെലവ് വരുന്നില്ല. നെടുമ്പാശ്ശേരിയില്‍ മെയിന്റനന്‍സ് ഹാങ്കറില്‍ ക്യാംപ് നടത്താന്‍ ഒരു കോടി രൂപയാണ് അധിക ബാധ്യത വരുന്നത്.
ഹാങ്കര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മറ്റൊരു സ്ഥലത്ത് ക്യാംപ് നടത്തണമെങ്കില്‍ രണ്ടുകോടി രൂപയുടെ അധിക ചെലവ് വരും. കോടികള്‍ മുടക്കി പണിത ഹജ്ജ് ഹൗസ് നോക്കു കുത്തിയാവും. ഇത് ന്യായീകരിക്കാനാവില്ല. മംഗലാപുരത്തെ അപകടത്തിന്റെ പേരില്‍ കരിപ്പൂരിനെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
തെക്കന്‍ ജില്ലകളില്‍ നിന്ന് ഇത്തവണ നേരിട്ട് അവസരം ലഭിക്കുന്നത് 1925 പേര്‍ക്കാണ്. എന്നാല്‍ മലബാറിലെ ആറ് ജില്ലകളില്‍ നിന്ന് മാത്രം ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചത് 8895 പേര്‍ക്കാണ്. ആയതിനാല്‍ നെടുമ്പാശ്ശേരിയിലേക്ക് വിളിച്ച ഹജ്ജ് ടെന്‍ഡര്‍ കരിപ്പൂരിലേക്ക് മാറ്റണം. ഈ ആവശ്യം ഉന്നയിച്ച് ആര് സമരം നടത്തിയാലും അവര്‍ക്ക് പരോക്ഷമായ പിന്തുണ ഹജ്ജ് കമ്മിറ്റി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ പ്രഫ.എ.കെ.അബ്ദുല്‍ ഹമീദ്,അഹമ്മദ് മൂപ്പന്‍, എച്ച്.ഇ. ബാബുസേഠ്, എസ്. നസ്‌റുദ്ദീന്‍,ശരീഫ് മണിയാട്ട്കുടി, എ.കെ. അബ്ദുറഹ്മാന്‍ യോഗത്തില്‍ സംബന്ധിച്ചു.
കരിപ്പൂരില്‍ നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് എല്ലാവിധ പിന്തുണയുമായി എം.കെ. രാഘവന്‍ എം.പിയും ഹജ്ജ് കമ്മിറ്റി യോഗത്തിനെത്തെി പിന്തുണയറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."