ചലചിത്ര നടിക്കു നേരെ നടന്നത് ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയി പീഢിപ്പിക്കാന്‍ ശ്രമിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് പറയാനാവില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ക്രമസമാധാനനിലയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാറിനെ പഴിക്കുന്നത് ഉമ്മന്‍ചാണ്ടിയെക്കാള്‍ മികച്ച നേതാവാണ് താനെന്ന് വരുത്തിതീര്‍ക്കാനാണെന്നും കോടിയേരി ആക്ഷേപിച്ചു.
സദാചാര ഗുണ്ടായിസത്തിനും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും പ്രതിഷേധിച്ച് ചെന്നിത്തല കഴിഞ്ഞ ദിവസം ഹരിപ്പാട്ട് ഉപവാസസമരം നടത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ പ്രതികരണം.
പുതിയ ചിത്രത്തിന്റെ ജോലികള്‍ക്ക് തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ചലച്ചിത്ര നടിക്ക് നേരെ ആക്രമണമുണ്ടായത്. ദേശീയപാതയില്‍ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷന്‍ കഴിഞ്ഞ് പുറയാര്‍ ഭാഗത്തുവെച്ച് ആക്രമികള്‍ എത്തിയ ട്രാവലര്‍ നടി സഞ്ചരിച്ച ഔഡി കാറിനുകുറുകെ ഇട്ടശേഷം ഇതില്‍നിന്ന് രണ്ടുപേര്‍ നടിയുടെ വാഹനത്തില്‍ കയറുകയായിരുന്നു. ഇതിന് തൊട്ടുമുമ്പായി ട്രാവലര്‍ നടിയുടെ വാഹനത്തില്‍ ചെറുതായി ഇടിപ്പിക്കുകയും ചെയ്തിരുന്നു.
അക്രമിസംഘം രണ്ടു മണിക്കൂറോളം പല വഴികളിലൂടെ വാഹനത്തില്‍ ചുറ്റിക്കറങ്ങി നടിയെ ഉപദ്രവിച്ചതായാണ് പരാതി. പാലാരിവട്ടത്ത് എത്തുന്നതുവരെ വാഹനം ദേശീയപാതയില്‍നിന്ന് ആളൊഴിഞ്ഞ ഉള്‍റോഡുകളിലേക്ക് മാറ്റിയിട്ട് ഉപദ്രവിക്കുകയായിരുന്നു. വാഹനം കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിന്റെ വീടിനു സമീപം നിര്‍ത്തിയ ശേഷം അര്‍ധരാത്രിയോടെ പ്രതികള്‍ കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."