കപ്പല്‍ശാല അപകടം സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് ചെയര്‍മാന്‍
കൊച്ചി: കപ്പല്‍ശാലയില്‍ കപ്പല്‍ അറ്റകുറ്റപണിക്കിടെ പൊട്ടിത്തെറിയുണ്ടായി അഞ്ചു തൊഴിലാളികള്‍ മരിച്ച സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായര്‍ പറഞ്ഞു. വാതകചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു വിശദാംശങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒ.എന്‍.ജി.സിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്കറിനുള്ളിലായിരുന്നു പൊട്ടിത്തെറി. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഈ കപ്പല്‍ കഴിഞ്ഞ 25 വര്‍ഷമായി കൊച്ചിയിലുണ്ട്.
കപ്പലിലേക്കാവശ്യമായ കുടിവെള്ളം ശേഖരിക്കുന്നതിനാണ് ടാങ്ക്. പുതിയ സ്റ്റീല്‍ പ്ലേറ്റുകള്‍ വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ചു മുറിച്ചു ചേര്‍ക്കുന്നതിനിടയില്‍ വാതകചോര്‍ച്ച ഉണ്ടായതാണോയെന്ന് പരിശോധിക്കും. വാതക ചോര്‍ച്ചയുണ്ടാകാതെ പൊട്ടിത്തെറിക്ക് സാധ്യതയില്ല. എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷിപ്പിയാര്‍ഡ് ഓപറേഷന്‍സ് ഡയറക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും.ഇതിന് പുറമേ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തും. എല്ലാ ദിവസവും ടാങ്കറില്‍ വാതകം ഇല്ലെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുരക്ഷാപരിശോധന നടത്തി ഉറപ്പാക്കാറുണ്ട്. ഇതില്‍ എന്തെങ്കിലും വീഴ്ച വന്നോയെന്നതും പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കപ്പല്‍ശാല അടിയന്തരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും കപ്പല്‍ശാല ഏറ്റെടുക്കുമെന്ന് മധുനായര്‍ പറഞ്ഞു. ഒ.എന്‍.ജി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കപ്പല്‍ സന്ദര്‍ശിക്കും. പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തില്‍ ഇന്ന് പൊലിസ്, ഫോറന്‍സിക്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ അപകടസ്ഥലത്ത് പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."