ടോംഗയില്‍ ചുഴലിക്കാറ്റില്‍ പാര്‍ലമെന്റ് കെട്ടിടം തകര്‍ന്നു
നുകുവാലോഫ: ഏഷ്യാ-പസഫിക് രാജ്യമായ ടോംഗയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ പാര്‍ലമെന്റ് കെട്ടിടം തകര്‍ന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റിനാണ് രാജ്യം സാക്ഷിയായത്.
ഗീതാ എന്ന പേരിലുള്ള ചുഴലിക്കാറ്റ് കാറ്റഗറി നാലിലാണ് ദ്വീപില്‍ ആഞ്ഞടിച്ചത്. രാജ്യവ്യാപകമായി വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിനെ കുറിച്ചു മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ നേരത്തെ തന്നെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പതിനായിരക്കണക്കിനു പേര്‍ക്കു താമസിക്കാവുന്ന അഭയാര്‍ഥി ക്യാംപുകള്‍ സജ്ജമായിരുന്നു.
മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. ഇതിലാണ് നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പാര്‍ലമെന്റ് കെട്ടിടം തകര്‍ന്നുവീണത്. സംഭവസമയത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. രാജ്യത്ത് ദുരന്തത്തില്‍ ആളപായമുണ്ടായതായും റിപ്പോര്‍ട്ടുകളില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയല്‍രാജ്യമായ ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും സാമ്പത്തിക-സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
പസഫിക് സമുദ്രത്തിലെ 170 ഉപദ്വീപുകള്‍ അടങ്ങിയ രാജ്യമാണ് ടോംഗ. ഫിജിയുടെ കിഴക്കിലും ന്യൂസിലന്‍ഡിന്റെ വടക്കിലുമായി രാജ്യം സ്ഥിതി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."