ഏഴുവയസുകാരനെ കൊലപ്പെടുത്തി പെട്ടിയില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഏഴുവയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി 37 ദിവസം വീട്ടിലെ പെട്ടിയില്‍ ഒളിച്ചുവച്ച അവദേശ് സാകിയ എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് അറിയാതിരിക്കാന്‍ ഇയാള്‍ തന്ത്രപൂര്‍വം ഒരുക്കിയ കെണി പൊളിച്ചാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അയല്‍വാസിയായ ആഷിഷ് സെയ്‌നിയെന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഇറ്റ സ്വദേശിയായ ഇയാള്‍ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സിവില്‍ സര്‍വിസ് പരീക്ഷക്കായി തയാറെടുക്കുന്ന ഇയാള്‍ ഡല്‍ഹിയിലെ നാഥുപുരയില്‍ വീടെടുത്ത് താമസിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ സി.ബി.ഐയില്‍ ജോലി ചെയ്യുകയാണെന്നാണ് അറിയിച്ചിരുന്നതെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് കരണ്‍ സെയ്‌നി പറഞ്ഞു.
ജനുവരി ഏഴിന് അമ്മാവന്റെ വീട്ടില്‍ പോയിരുന്ന കുട്ടി വൈകീട്ട് 5.15നാണ് അവിടെ നിന്ന് ഇറങ്ങുന്നത്.5.17ന് സാകിയയുടെ വീടിന് മുന്‍പില്‍ എത്തിയ ശേഷമാണ് കാണാതായതെന്ന് ഇവിടെ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ വ്യക്തമാണ്.
പൊലിസില്‍ പരാതിപ്പെടാനും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനും കുട്ടിയുടെ പിതാവിനൊപ്പം പ്രതിയും മുന്‍പിലുണ്ടായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെ ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ എലികളെ കൊന്ന് പലയിടത്തായി ഇട്ടാണ് ഇയാള്‍ തന്റെ നിരപരപാധിത്തം തെളിയിക്കാന്‍ ശ്രമിച്ചിരുന്നതെന്ന് പൊലിസ് കമ്മിഷണര്‍ അസ്്‌ലം ഖാന്‍ അറിയിച്ചു.
പ്രതി പിടിയിലായതോടെ കൊലപാതകത്തിന് കാരണം കുട്ടിയുടെ വീട്ടുകാര്‍ തന്നെ അപമാനിക്കുന്നതായി ഇയാള്‍ ആരോപിച്ചെങ്കിലും ഇത് വീട്ടുകാര്‍ നിഷേധിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇതിലൂടെ പണം തട്ടിയെടുത്ത് മുന്തിയ തരം വാഹനങ്ങള്‍ വാങ്ങിക്കുകയെന്നതായിരുന്നു ഇയാളുടെ തന്ത്രമെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."