മോദികെയര്‍ പദ്ധതി ബംഗാളിനു വേണ്ടെന്ന് മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: പൊതുബജറ്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി (മോദി കെയര്‍) സംസ്ഥാനത്തു നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനം സമാഹരിക്കുന്ന വിഭവങ്ങള്‍ മോദികെയറിനായി നല്‍കാന്‍ തയാറല്ലെന്ന് അവര്‍ അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന വിഭവങ്ങള്‍ ഇത്തരമൊരു പദ്ധതിയിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്നും മമത ചോദിച്ചു. പദ്ധതിയെ കുറിച്ച് സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായി നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ നടപടി. കഴിഞ്ഞദിവസം ബംഗാളിലെ കൃഷ്ണനഗറില്‍ നടന്ന റാലിയിലാണ് മമത പദ്ധതിയോടുള്ള തന്റെ എതിര്‍പ്പ് അറിയിച്ചത്. 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും സൗജന്യമായി മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയാണ് മോദികെയര്‍.
പദ്ധതിയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും നേരത്തെ സംസ്ഥാനങ്ങളോട് ആലോചിച്ചില്ല. അതിനാല്‍ പദ്ധതിക്കായി നിര്‍ബന്ധിക്കാനാവില്ല. പദ്ധതിയില്‍ പുതുമയൊന്നും ഇല്ല. ബംഗാളിലെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന 50 ലക്ഷം പേര്‍ക്ക് ഇതിനകം തന്നെ 'സ്വാസ്ഥ്യ സതി' എന്ന പേരില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ല. നീതി ആയോഗ് സി.ഇ.ഒ അമിതാബ് കാന്തിന്റെ കണക്കുകള്‍ പ്രകാരം 5,50 ലക്ഷം കോടിവരെയാണ് മോദി കെയറിന്റെ വാര്‍ഷിക ചെലവ്. ഇതില്‍ 2000 കോടി മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കിവരുന്നത് സംസ്ഥാനസര്‍ക്കാരുകള്‍ വഹിക്കണമെന്നതാണ് വസ്തുത. സംസ്ഥാനങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."