കേരളത്തില്‍ ജനകീയ ജലസമരത്തിന് തുടക്കം
പാലക്കാട്: 'കേരളത്തിലെ ജലം കേരളത്തിന് ' മുദ്രാവാക്യവുമായി കേരള ജലാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപരോധസമരം സംഘടിപ്പിച്ചു. ഒലവക്കോട്ടെ ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് ഓഫിസാണ് ഉപരോധിച്ചത്. കേരളത്തിലെ നദികളുടെ മരണത്തിന് ഉത്തരവാദികള്‍ അന്തര്‍സംസ്ഥാന നദീജല കരാറിലേ വീഴ്ചകളാണെന്നും കടലാസുകളില്‍ രേഖപ്പെടുത്തിയ ജലത്തിന്റെ അളവുമായി കേരളത്തിലെ ജനങ്ങളെ ഉദ്യോഗസ്ഥ, രാഷ്ട്രീയക്കാര്‍ വഞ്ചിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം.
നദികളില്‍ വെള്ളമില്ലാത്തതിനാല്‍ കാര്‍ഷിക മേഖലയും തകര്‍ന്നു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ ജലസംരക്ഷണത്തിനുള്ള നടപടികളിലെ വീഴ്ച കാരണം മലയാളികള്‍ നോക്കുകുത്തികളായി മാറി. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലനിരകളില്‍ നിന്നാണ് ഭാരതപ്പുഴ ഉത്ഭവിക്കുന്നത്. ഇവയെല്ലാം ഇന്നു തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ്. അന്തര്‍സംസ്ഥാന കരാറുകള്‍ പാലിക്കപ്പെടാത്തതിനാല്‍ കേരളം വഞ്ചിക്കപ്പെടുന്ന അവസ്ഥയാണ്. കരാറുകള്‍ പുതുക്കുക, നിലവില്‍ പറമ്പികുളത്തുള്ള മുഴുവന്‍ ജലവും കേരളത്തിന് അനുവദിക്കുക. വര്‍ഷങ്ങളായി കേരളത്തിന്റെ ജലാവകാശം സംരക്ഷിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് മാറ്റുക എന്നിങ്ങനെയാണ് പ്രധാന ആവശ്യമായി സമരക്കാര്‍ ഉന്നയിച്ചത്.
വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി. പ്രൊഫ. എസ്. സീതാരാമന്‍, ജോണ്‍ പെരുവന്താനം, എസ്. ബാബുജി, പ്രൊഫ. കുസുമം ജോസഫ്, കെ.എ പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍, ഫാ. ആല്‍ബര്‍ട്ട് ആനന്ദരാജ്, ബാലചന്ദ്രന്‍ പോത്തയങ്കാട്, ആറുമുഖന്‍ പത്തിച്ചിറ, ഏലൂര്‍ ഗോപിനാഥ്, പുതുശേരി ശ്രീനിവാസന്‍, പ്രകാശ് നട്ടകുളങ്ങര, വി.പി നിസാമുദ്ദീന്‍, കിണാവല്ലൂര്‍ ശശിധരന്‍, വി.എസ് സജീഷ് സംസാരിച്ചു. ജൈനിമേടില്‍ നിന്ന് കാലി കുടങ്ങളുമായാണ് സ്ത്രീകളുള്‍പ്പെടെ ഉപരോധസമരത്തിനു എത്തിയത്. വന്‍ പൊലിസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."