കാഞ്ഞിരപ്പുഴ ഡാമിന്റെ കനാല്‍ തകര്‍ച്ച കുടിവെള്ള വിതരണത്തെ ബാധിക്കും
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ കനാല്‍ ബണ്ട് തകര്‍ന്നത് മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്നു. പഞ്ചായത്തുകളുടെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് തകര്‍ന്നതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള വിതരണമാണ് നിലച്ചത്. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന പമ്പ് ഹൗസാണ് ബണ്ട് തകര്‍ന്ന് ശക്തമായ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്.
ഇനി എന്നാണ് കുടിവെള്ള വിതരണം സാധാരണ ഗതിയില്‍ലാകുകയെന്ന് അധികൃതര്‍ക്ക് പറയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഡാമിന്റെ കനാല്‍ ബണ്ട് തകര്‍ന്നതിനാല്‍ ജില്ലയുടെ തെക്കുവടക്കന്‍ മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ പോകുന്നത്. കൂടാതെ ഈ മേഖലയില്‍ വന്‍ തോതിലുള്ള കൃഷി നാശത്തിനും കാരണമാകും. കരിമ്പ, കോങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ചളവറ, വാണിയംകുളം, വല്ലപ്പുഴ, ഒറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തെയും കൃഷി മേഖലയെയും ബണ്ട് തകര്‍ച്ച ബാധിക്കും.
ഇതിനിടെ അശാസ്ത്രീയമായി കനാലിലൂടെ ജലം തുറന്നു വിട്ടതാണ് ബണ്ട് തകരാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബണ്ട് തകര്‍ന്ന് വെള്ളപ്പാച്ചില്‍ നിര്‍ത്തുന്നതിന് ഷട്ടര്‍ അടക്കാന്‍ അധികൃതര്‍ രണ്ടു മണിക്കൂറിലധികം സമയമെടുത്തത് വന്‍ പ്രതിഷേധത്തിനിടായാക്കിയിരുന്നു. സംഭവ സമയത്ത് ജീവനക്കാര്‍ ഓഫിസിലുണ്ടായിരുന്നില്ലെന്നും ജനങ്ങള്‍ ആരോപിച്ചു. ജീവനക്കാര്‍ ഓഫിസിലുണ്ടാകാറാല്ലെന്നും പ്രദേശവാസികള്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ല കലക്ടര്‍ മേരിക്കുട്ടിയോട് പറഞ്ഞു.
കനാല്‍ നവീകരണത്തിന്റെ പേരില്‍ കോടികളാണ് നാളിതുവരെ ചെലവഴിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടാക്കിയ കനാലുകളെ ബലപ്പെടുത്താന്‍ സഹായകരമായിട്ടില്ല. പകരം കനാലിലെ കാടുവെട്ടിയും ചെളികോരിയും പണം എഴുതിത്തള്ളുന്ന പതിവാണെന്ന ആരോപണവും ശക്തമാണ്. നവീകരണത്തിന് അനുവദിക്കുന്ന ഫണ്ട് വകമാറ്റുകയും പകരം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കാടുവെട്ടല്‍ നടത്താറുള്ളതെന്ന ആക്ഷേപവുമുണ്ട്. ഇതിനിടെ ഡാമിന്റെ ബണ്ട് തകര്‍ന്ന സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവജന രാഷ്ട്രീയ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."