വരുന്നു സിഫ് ടെസ്റ്റ്; മത്സ്യത്തില്‍ മായം കലര്‍ത്തുന്നവര്‍ ജാഗ്രതൈ
തിരുവനന്തപുരം: മത്സ്യങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിന് പുതുസംവിധാനവുമായി ഫിഷറീസ് വകുപ്പ്.
മത്സ്യത്തിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിനാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സഹായത്താല്‍ പുതിയ പരിശോധനാസംവിധാനം വികസിപ്പിച്ചെടുത്തത്.
സിഫ് ടെസ്റ്റ് എന്ന പേരില്‍ രണ്ടുതരം പരിശോധന കിറ്റുകളിലൂടെ ഇനി മുതല്‍ മത്സ്യങ്ങളിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്താം.
ഒരു പരിശോധന കിറ്റില്‍ 50 സ്ട്രിപ്പുകളുണ്ട്. സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസിയ ശേഷം പ്രത്യേക ലായനി പുരട്ടി മായം കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താം. മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പില്‍ നിറവ്യത്യാസം ഉണ്ടാവും.
മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് കേരളത്തിലെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് പുറത്തുനിന്ന് വരുന്ന മത്സ്യത്തിലാണ് കൂടുതല്‍ മായം കണ്ടെത്തിയിട്ടുള്ളത്. പതിനാലു ജില്ലകളിലെയും വിവിധ മാര്‍ക്കറ്റുകളില്‍ ആറു മാസത്തെ പരീക്ഷണ പരിശോധന പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 18 ശതമാനം മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. മത്സ്യത്തില്‍ മായം ചേര്‍ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ പാളയം മാര്‍ക്കറ്റിലെത്തി മത്സ്യത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും മായം കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."