ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി ഘടകകക്ഷികളുടെ വിലപേശല്‍
കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി എന്‍.ഡി.എ ഘടകകക്ഷികളുടെ വിലപേശല്‍.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ്, തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നിലപാടിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഘടകകക്ഷി യോഗത്തിലാണ് എന്‍.ഡി.എയിലെ ബി.ജെ.പി ഇതര കക്ഷികള്‍ ഒറ്റക്കെട്ടായി സമ്മര്‍ദ തന്ത്രം പ്രയോഗിച്ചത്. എന്‍.ഡി.എ സംസ്ഥാന മുന്നണി യോഗത്തിലേക്ക് കേന്ദ്ര നിരീക്ഷകനായി എത്തിയ ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ഘടകകക്ഷികളുടെ രോഷപ്രകടനം.
മുന്നണി രൂപീകരിച്ചപ്പോള്‍, ഘടകകക്ഷികള്‍ക്ക് വിവിധ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. വിവിധ കേന്ദ്രസ്ഥാപനങ്ങളില്‍ അംഗത്വവും സമിതി പ്രാതിനിധ്യവുമൊക്കെയായിരുന്നു വാഗ്ദാനം.
എന്നാല്‍, ഇതുവരെയായി ഒന്നും ലഭിച്ചില്ലെന്നാണ് മുന്നണി നേതാക്കളുടെ പരാതി. തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്നുവരെ ആരോപണമുയര്‍ന്നു. ഈ സാഹചര്യത്തില്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുന്‍പുതന്നെ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള സമ്മര്‍ദ തന്ത്രങ്ങളും സ്വീകരിക്കും.
മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍, ഘടകകക്ഷികളുടെ വികാരം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് സംഘടനാ സെക്രട്ടറിക്ക് സമ്മതിക്കേണ്ടിവന്നു. ഇതോടെ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്നായി ഘടകകക്ഷികള്‍. ഇതിന് ശ്രമം നടത്താമെന്നും വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."