മാണിക്യ മലരായ പൂവീ...
1978ല്‍ പി.എം.എ ജബ്ബാര്‍ എഴുതി തലശ്ശേരി റഫീഖ് ആകാശവാണിയില്‍ പാടി പ്രശസ്തമായതാണ് 'മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി...' എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട്. ഈ പാട്ട് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ് ' എന്ന സിനിമയിലൂടെയാണ് പാട്ട് വീണ്ടും കേട്ട് തുടങ്ങുന്നത്. ഷാന്‍ റഹ്മാന്‍ പുതിയകാലത്തിന്റെ ഭാഷ്യം ചമയിച്ച പാട്ട് സിനിമയില്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും. യൂട്യൂബ് വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിന് ആളുകള്‍ ഈ പാട്ട് വീണ്ടും കേള്‍ക്കുന്നു, സിനിമയിലെ ദൃശ്യം കാണുന്നു. ഈ സാഹചര്യത്തില്‍ പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍ മനസ്സിലാക്കേണ്ടതാണ് എന്ന് തോന്നുന്നു.
മക്കയിലെ ഉന്നത കുലജാതനായ ഖുവൈലിദ് ബിന്‍ നൗഫല്‍ ഖുറൈശി കുടുംബത്തിലെ ഫാത്വിമ എന്നവരെ വിവാഹം ചെയ്തു. ഈ ദമ്പതികളുടെ മകളാണ് ഖദീജ ബീവി(റ). സൗന്ദര്യവും തറവാടിത്തവും കുലീനതയും നിറഞ്ഞ മഹതിയെ പതിനഞ്ചാം വയസ്സില്‍ അബൂഹാല ബിന്‍ സുറാറതുതമീമി വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടായി. പിന്നീട് ഇയാള്‍ മരണപ്പെട്ടു. തുടര്‍ന്ന് ബനൂമഖ്‌സൂമിലെ അതീഖ് ബിന്‍ ആഇദ് എന്നയാളും മഹതിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ഒരു ആണ്‍കുട്ടിയുമുണ്ടായി. എന്നാല്‍, അതീഖും മരണപ്പെട്ടു. സമ്പന്നയായിരുന്നു ഖദീജ ബീവി(റ). രണ്ട് ദാമ്പത്യങ്ങള്‍ക്കും ശേഷം മഹതി കച്ചവടകാര്യങ്ങളില്‍ സജീവശ്രദ്ധ പതിപ്പിച്ചു.
പൊതുവേ നല്ല അലിവുള്ള മനസ്സും കാരുണ്യവതിയുമായിരുന്നു മഹതി. നാട്ടിലെ സാധുക്കളെ സഹായിക്കുന്നതിലും നല്ല കാര്യങ്ങളുമായി സഹകരിക്കുന്നതിലും വലിയ താല്‍പര്യം കാണിച്ചിരുന്നു. തന്റെ കച്ചവടസംരംഭം മെച്ചപ്പെടുത്താനായി അവര്‍ പല വഴികളിലൂടെ ശ്രമം നടത്തി വരുമ്പോഴാണ് ബനൂഹാശിമിലെ മുഹമ്മദ്(സ്വ) എന്ന് പേരുള്ള യുവാവിനെ കുറിച്ച് കേട്ടത്. സത്യസന്ധന്‍, നല്ല സ്വഭാവക്കാരന്‍, നല്ല പെരുമാറ്റം. പൊതുവേ അറബികള്‍ക്കിടയില്‍ നല്ല പേര്. അക്കാലത്തെ ജീര്‍ണതകളൊന്നും ബാധിച്ചിട്ടില്ലാത്ത ബീവി സ്വാഭാവികമായും ഇതേ മഹത്വങ്ങളുള്ള ആ യുവാവിനെ തന്റെ കച്ചവടസംഘത്തെ നയിക്കാനായി ഏല്‍പ്പിച്ചു.
മൈസറ എന്ന ജോലിക്കാരനെ സഹായി ആയി നിയമിക്കുകയും ചെയ്തു. ശാമില്‍ നിന്ന് കച്ചവടം കഴിഞ്ഞ് വന്നപ്പോള്‍ സാധാരണ കിട്ടാറുള്ളതിനേക്കാള്‍ വലിയ ലാഭം കിട്ടിയപ്പോള്‍ ഖദീജബീവി(റ) ആ യുവാവിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അമാനുഷികതകള്‍ ഏറെയുള്ള ആളാണ് തന്റെ പുതിയ മാനേജര്‍ എന്ന് മനസ്സിലാക്കിയ ബീവി തന്റെ കൂട്ടുകാരിയായ നഫീസത്ത് ബിന്‍ത് മുനബ്ബഹ് എന്നവരെ മുഹമ്മദ്(സ്വ)യെ കാണാനായി അയച്ചു. ഇരുവരും തമ്മിലുള്ള സംസാരത്തെ തുടര്‍ന്ന് പിതൃവ്യന്‍ അബൂത്വാലിബിന്റെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഇരുവരും തമ്മിലുള്ള കല്യാണം നടക്കുകയായിരുന്നു. ആ സമയത്ത് മുഹമ്മദ്(സ്വ)ക്ക് ഇരുപത്തിയഞ്ചും മഹതിക്ക് നാല്പതും വയസ്സായിരുന്നു . ഈ ദാമ്പത്യത്തില്‍ സൈനബ്(റ), റുഖയ്യ(റ), ഉമ്മുകുല്‍സൂം(റ), ഫാത്വിമ(റ) എന്നീ പെണ്‍കുട്ടികളും അബ്ദുല്ല(റ), ഖാസിം(റ) എന്നീ ആണ്‍മക്കളും ജനിച്ചു. ആണ്‍മക്കള്‍ ബാല്യത്തില്‍ തന്നെ ഇഹലോകവാസം വെടിഞ്ഞു. പെണ്‍കുട്ടികളില്‍ മുതിര്‍ന്നവര്‍ മൂന്ന് പേരും പ്രവാചകതിരുമേനി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ദേഹവിയോഗം ചെയ്തു. ചെറിയമകള്‍ ഫാത്വിമ(റ) പ്രവാചകരുടെ വഫാതിന് ശേഷം ആറ് മാസം കൂടി ജീവിച്ചിരുന്നു.
ഖദീജബീവി(റ)യുടെ ചരിത്രം പുതിയ തലമുറ വളരെ ഏറെ മനസ്സിലാക്കേണ്ടതുണ്ട്. കച്ചവടത്തില്‍ പ്രാവീണ്യം നേടിയ ഒരു സ്ത്രീക്ക് യോജിച്ച ഒരു മാനേജറെ കിട്ടിയപ്പോള്‍ തോന്നിയ സാധാരണമായ വാണിജ്യവിവാഹമായിരുന്നില്ല ഇരുവരുടേതും. ബീവിയുടെ പിതൃവ്യനായി വറഖത്ത് ബിന്‍ നൗഫല്‍ എന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അറേബ്യയിലെ അനാചാരങ്ങളിലും തിന്മകളിലും മനസ്സ് മടുത്ത് പൊതുവേ ശാന്തജീവിതം നയിക്കുന്ന ഒരാള്‍. ബീവി ഇടക്ക് ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും പണ്ഡിതോചിതമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഒരിക്കല്‍ മഹതി ചെന്നത് ഒരു സ്വപ്നത്തിന് വിശദീകരണം തരണം എന്ന ആവശ്യവുമായിട്ടായിരുന്നു. ഉജ്ജ്വലശോഭയോടെ പ്രകാശിക്കുന്ന ഒരു സൂര്യന്‍ തന്റെ വീട്ടില്‍ ഉദിച്ച് നില്‍ക്കുന്നതായിരുന്നു സ്വപ്നം. വറഖത്ത് അന്ന് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.
'പ്രിയപ്പെട്ട ഖദീജാ, ഒരു പ്രവാചകന്റെ ആഗമനം ഏത് സമയത്തും പ്രതീക്ഷിക്കാം. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് ആ പ്രവാചകന്‍ വരിക തന്നെ ചെയ്യും. നീ ആ പ്രവാചകനെ വിവാഹം കഴിക്കുകയും ചെയ്യും.'
കച്ചവടം കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ്(സ്വ)യെ കണ്ടപ്പോഴും മൈസറത്ത് നല്‍കിയ വിശദീകരണം കേട്ടപ്പോഴും മഹതിക്ക് മനസ്സില്‍ ആ പഴയ സ്വപ്നമുണ്ടായിരുന്നു. തുടര്‍ന്ന് വറഖത്തിന്റെ അടുക്കല്‍ പോയി സംസാരിച്ച ശേഷമാണ് നഫീസയെ വിവാഹാലോചനയുമായി പറഞ്ഞയച്ചത്. ഇരുവരും സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല വിവാഹത്തിന് സമ്മതിച്ചത്. മക്കയിലെ പ്രമുഖരെല്ലാം ആ വിവാഹത്തിന് സന്നിഹിതരായിരുന്നു. ഇരുപത്തിയഞ്ച് വയസ്സുള്ള ചോരത്തിളപ്പുള്ള ഒരു യുവാവ് മധ്യവയസ്സിലേക്ക് കടക്കുന്ന നാല്‍പ്പതുകാരിയുമായി നടത്തിയ വിവാഹം എന്നതിലുപരി ഇലാഹിയ്യായ ഒരു നിയോഗത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ആ ബന്ധം.
ഇസ്‌ലാം മതത്തിന്റെ പ്രവാചകനെന്ന തരത്തിലാണ് മുഹമ്മദ്(സ്വ)യെ ലോകം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, മനുഷ്യകുലത്തിന് തന്നെ നിയുക്തരായ അന്ത്യപ്രവാചകരാണ് മുഹമ്മദ് മുസ്തഫ(സ്വ). മാനവികതയുടെ ചക്രവര്‍ത്തിയായ പ്രവാചകപുംഗവരുടെ ആദ്യപത്‌നി എന്ന നിലയില്‍ ലോകമാകെയുള്ള വിശ്വാസികളുടെ ഉമ്മയാണ് ഖദീജബീവി(റ). അവര്‍ അനന്യസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഇസ്‌ലാമിന് മുമ്പ് തന്നെ ത്വാഹിറ അഥവാ വിശുദ്ധ എന്ന് അറബ് ലോകം മഹതിയുടെ ഔന്നത്യത്തെ മാനിച്ച് കൊണ്ട് വിളിച്ചിരുന്നു.
നഫീസ വിവാഹാലോചനയുമായി എത്തിയപ്പോള്‍ അവിടുന്ന് സംസാരിച്ചത് ഇപ്രകാരമാണ്: ''ഖദീജയെ പോലെ ഒരു ഉന്നതസ്ത്രീയെ വിവാഹം കഴിക്കാവുന്ന ഒന്നും എന്റെ കൈയിലില്ല. ദരിദ്രന്‍, അനാഥന്‍. എങ്ങനെ അവരെ ഞാന്‍ വിവാഹം കഴിക്കും.''
നഫീസ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അതൊന്നും പ്രശ്‌നമല്ലാ എങ്കിലോ? അവരുടെ മാന്യത, സമ്പത്ത്, സൗന്ദര്യം എന്നിവയ്ക്കപ്പുറം അവരുടെ വ്യക്തിജീവിതത്തിലേക്കാണ് താങ്കളെ ക്ഷണിക്കുന്നത്. ഖദീജയാണ് താങ്കളെ കല്യാണാലോചന നടത്തുന്നത്. അപ്പോഴോ?''
''ശരി അങ്ങനെ എങ്കില്‍ പിതൃവ്യന്‍ അബൂത്വാലിബിന് വിരോധമില്ലെങ്കില്‍ എനിക്ക് സമ്മതമാണ്.'' (ഥബഖാതുല്‍ കുബ്‌റാ). തുടര്‍ന്ന് നടന്ന നിക്കാഹിന്റെ സദസ്സില്‍ വച്ച് അബൂത്വാലിബ് ഇങ്ങനെ പ്രസംഗിച്ചു: ഇബ്‌റാഹീ(അ)മിന്റെയും ഇസ്മാഈലി(അ)ന്റെയും സന്താനപരമ്പരയില്‍ ഞങ്ങള്‍ക്ക് ജന്മം തന്ന അല്ലാഹുവിന് സ്തുതി.
മഅ്ദ് എന്നവരുടെ തറവാട്ടില്‍, മുളറിന്റെ പരമ്പരയില്‍ ജനിച്ചവര്‍. കഅ്ബാലയത്തിന്റെ നടത്തിപ്പുകാര്‍ തുടങ്ങിയ മഹത്വം ഉള്ള കുടുംബാംഗമാണ് എന്റെ മകന്‍. വിശുദ്ധഹറമിന്റെ നാട്ടില്‍ ഇത് പോലെ മറ്റൊരു യുവാവിനെ നിങ്ങള്‍ക്ക് കിട്ടുകയില്ല. 500 ദിര്‍ഹം മഹ്‌റാണ് എന്റെ മകന്‍ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ ദരിദ്രനെങ്കിലും ധനം നിഴല്‍ പോലെ മെലിഞ്ഞും തെളിഞ്ഞുമിരിക്കും. അതിനാല്‍ വിവാഹത്തിന് എന്റെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും.
ഈ വേളയില്‍ വറഖത് എഴുന്നേറ്റ് നിന്ന് ഇങ്ങനെ സംസാരിച്ചു: 'നിങ്ങള്‍ പറഞ്ഞതെല്ലാം വാസ്തവം തന്നെ. ഔന്നത്യവും മഹത്വവും നിറഞ്ഞ് നില്‍ക്കുന്ന അറബ് വംശത്തിന്റെ പാരമ്പര്യത്തിന്റെ വേരായ ഖുറൈശികളോട് ഒരു വിവാഹബന്ധം എന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. പറയപ്പെട്ട മഹ്‌റിന് ഖദീജത് ബിന്‍ത് ഖുവൈലിദിനെ മുഹമ്മദ്ബിന്‍ അബ്ദുല്ല(സ്വ)ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നു. തുടര്‍ന്ന് മഹതിയുടെ എളാപ്പ അംറ് ബിന്‍ അസദും ഇതേ വാചകം ആവര്‍ത്തിച്ചു. അങ്ങനെയാണ് നിക്കാഹ് നടന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."