21ന് വോളി ആരവമുയരും, ആവേശത്തില്‍ കോഴിക്കോട്
കോഴിക്കോട്: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് വീണ്ടും വോളിബോള്‍ ആരവത്തിലേക്ക്. ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് 21 മുതല്‍ 28 വരെ കോഴിക്കോട്ട് നടക്കുമ്പോള്‍ നഷ്ടപ്പെട്ട വോളി പ്രതാപം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വോളി ചാംപ്യന്‍ഷിപ്പ് നെഞ്ചേറ്റാനുള്ള അവസാന ഒരുക്കത്തിലാണ് നഗരം. ഇത് നാലാം തവണയാണ് കോഴിക്കോട് ദേശീയ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 58 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. നാലു ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളായി തിരിച്ച് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായാണ് ഇരുവിഭാഗത്തിലും മത്സരം നടക്കുക. ലീഗ് മത്സരത്തിനു ശേഷം എട്ട് ടീമുകള്‍ക്ക് നോക്കൗട്ടിലേക്ക് യോഗ്യത ലഭിക്കും. ഓരോ ഗ്രൂപ്പിലും ആദ്യ സ്ഥാനത്തെത്തുന്ന ആറു ടീമുകള്‍ നോക്കൗട്ടിലേക്ക് നേരിട്ടു യോഗ്യത നേടും. ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടാമതെത്തിയവര്‍ തമ്മിലുള്ള പ്ലേഓഫ് മത്സരത്തിലൂടെയാണ് മറ്റു രണ്ട് ടീമുകളെ കണ്ടെത്തുക.
കേരളത്തിന്റെ ഗ്രൂപ്പില്‍ പഞ്ചാബ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ ടീമുകളാണുള്ളത്. കാലിക്കറ്റ് ട്രേഡ്‌സെന്ററില്‍ 21ന് വൈകിട്ട് നാലിന് രാജസ്ഥാനുമായാണ് ആദ്യമത്സരം. 22നു വൈകിട്ട് നാലിന് ആന്ധ്രപ്രദേശിനേയും 23ന് രാത്രി 8.30ന് പഞ്ചാബിനെയും നേരിടും.
വനിതാവിഭാഗത്തില്‍ ആദ്യമത്സരത്തില്‍ കേരളം തെലങ്കാനയുമായി ഏറ്റുമുട്ടും. 21നു രാത്രി ഏഴിന് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മത്സരം. 22നു ഉത്തര്‍പ്രദേശിനെയും 23നു മഹാരാഷ്ട്രയെയും നേരിടും. 24നു നോക്കൗട്ട് മത്സരങ്ങളും അടുത്തദിവസം ക്വാര്‍ട്ടര്‍ ഫൈനലും നടക്കും. 26, 27 തിയതികളില്‍ സെമി പോരാട്ടവും 28നു ഫൈനല്‍ മത്സരവും നടക്കും. ക്വാര്‍ട്ടര്‍, സെമി മത്സരങ്ങള്‍ വൈകിട്ട് നാലിനു ശേഷമാണ് നടക്കുക. നിലവില്‍ ആതിഥേയരായ കേരളത്തിന്റെ പുരുഷവിഭാഗം ചാംപ്യന്‍മാരും വനിതാ ടീം രണ്ടാംസ്ഥാനക്കാരുമാണ്. 1997, 2001, 2013, 2016, 2017 ലും കേരളം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
വോളിബോളിനെ നെഞ്ചേറ്റിയ കോഴിക്കോടന്‍ ഗ്രാമീണ മണ്ണില്‍ നിന്നു നിരവധി വോളിതാരങ്ങള്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇത്തവണയും കേരളത്തിനായി കോഴിക്കോട്ടു നിന്നുള്ള എസ്. രേഖ, എം. ശ്രുതി, ഫാത്തിമാ റുക്‌സാന, ഇ. അശ്വതി, വിബിന്‍ എം. ജോര്‍ജ്, എന്‍. ജിതിന്‍, സി.കെ രതീഷ്, അബ്ദുറഹീം അടക്കമുള്ള താരങ്ങള്‍ ജെഴ്‌സിയണിയുന്നുവെന്നത് കോഴിക്കോട്ടുകാരെ ആവേശത്തിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."