കോഴിക്കോടിന്റെ മണ്‍തരികളെ തീപിടിപ്പിച്ച സ്മാഷ്
കുറ്റ്യാടി: ദേശീയ സീനിയര്‍ വോളി കോഴിക്കോട്ട് വിരുന്നെത്തുമ്പോള്‍ 49-മത് ദേശീയ സീനിയര്‍ വോളിയുടെ മറക്കാനാവാത്ത ഓര്‍മകള്‍ അയവിറക്കുകയാണ് ടോം. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് മുന്‍കോര്‍ട്ടില്‍ നിന്നും പിന്‍കോര്‍ട്ടില്‍ നിന്നും പന്തിന് മുകളില്‍ ചാടിവീണ് എതിര്‍ടീമിന്റെ പ്രതിരോധങ്ങളെ തകര്‍ത്തെറിഞ്ഞ കളി. മത്സരം 66-ാം വര്‍ഷത്തിലെത്തി നില്‍കുമ്പോള്‍ വോളിതാരവും അര്‍ജുന ജേതാവുമായ ടോം ജോസഫെന്ന കേരളത്തിന്റെ ചുണക്കുട്ടനെ മറക്കാന്‍ വോളിബോള്‍ പ്രേമികള്‍ക്കാവില്ല. 2000-ല്‍ നടന്ന ഫൈനലില്‍ തമിഴ്‌നാടായിരുന്നു കേരളത്തിന്റെ എതിരാളി. കളിക്കളത്തില്‍ കോഴിക്കോടിന്റെ മണ്‍തരികളെ തീപിടിപ്പിച്ച് കൊണ്ട് ഇടിമുഴങ്ങുന്ന സര്‍വിസുകളും മിന്നല്‍ സ്മാഷുകളും തീര്‍ത്ത് തമിഴ്‌നാട് മുന്നേറുകയായിരുന്നു. തമിഴ്‌നാടിന്റെ മുന്നേറ്റത്തില്‍ കേരളം വിയര്‍ത്തപ്പോഴെല്ലാം ഗാലറികളില്‍ മുഴങ്ങിക്കേട്ടത് ഒരേയൊരു കളിക്കാരന്റെ പേര് മാത്രം. കിഴക്കന്‍ മലയോരത്തെ കുഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നുവരുകയും വോളിയെ നേഞ്ചേറ്റുകയും ചെയ്ത ടോം ജോസഫിന്റെ പേരായിരുന്നു അത്. പിന്നീടങ്ങോട്ട് ടോമിന്റെ കനത്ത ആക്രമണമായിരുന്നു തമിഴ്‌നാടിന് നേരിടേണ്ടി വന്നത്. ടോമിന്റെ കനത്ത അടികള്‍ പോയന്റുകള്‍ നേടുക മാത്രമല്ല എതിരാളികളുടെ മനോവീര്യം തകര്‍ക്കുക കൂടി ചെയ്തു. മുന്‍ഗാമികളായ ജിമ്മിക്കും സിറിലിനും ഉദയനും കഴിയാത്തതാണ് സ്വന്തം മണ്ണില്‍ ടോം ഒറ്റക്ക് നേടിയത്. തമിഴ്‌നാടുമായുള്ള ഈ മത്സരത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനായി ടോം പൊരുതി നേടിയത്.
197 സെന്റിമീറ്റര്‍ ഉയരമുള്ള ടോം ജോസഫ് വളരെ വേഗമാണ് ദേശീയ അന്തര്‍ദേശീയ വോളിബോള്‍ മത്സരങ്ങളില്‍ ഉയരങ്ങള്‍ കീഴടക്കിയത്. ഇന്ന് വോളിബോള്‍ കോര്‍ട്ടില്‍ ഒഴിച്ചുകൂടാനാവാത്ത കളിക്കാരന്‍കൂടിയായ ടോം ഇന്ത്യയ്ക്കു വേണ്ടി രണ്ട് ഏഷ്യന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ലോക ചാംപ്യന്‍ഷിപ്പ് യോഗ്യതാ മത്സരം തുടങ്ങി നിരവധി മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട് . 14 മത്സരം ഇന്ത്യക്ക് വേണ്ടിയും 20 മത്സരം കേരളത്തിനും വേണ്ടിയും കളിച്ചു. അടുത്തിടെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് മൂന്നു ദേശീയ മത്സരങ്ങള്‍ ടോമിന് നഷ്ടമായി.
സഹോദരനും ഇന്ത്യന്‍താരവുമായ റോയ് ജോസഫിന്റെ ചുവടുപിടിച്ചാണ് ടോം എന്ന ഇന്ത്യയുടെ അഭിമാനം കളിക്കളത്തിലേക്കെത്തുന്നത്. 1995ല്‍ കോഴിക്കോട് സായി സെന്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മുഴുവന്‍ സമയ കളിക്കാരനായി. 1997ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീംമംഗമായി.
ജന്‍മദേശമായ കാവിലുംപാറ പൂതാംപാറ എല്‍.പി സ്‌കൂളിലെ ചെറിയ ഗ്രൗണ്ടില്‍ കളിച്ചുവളര്‍ന്ന ടോമിന് ജില്ലയിലെ വോളി താരങ്ങളായിരുന്നു കളിക്കളത്തിലിറങ്ങാനും വോളിയെ പ്രണയിക്കാനും പ്രചോദനമായത്. സായിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ച് പി.എ ജോസഫ് എന്ന വോളി വിദഗ്ധന്റെ കീഴില്‍ നേടിയ പരിശീലനവും ഇന്ത്യന്‍ കോച്ചായിരുന്ന ശ്രീധരന്റെ ശിക്ഷണവും ടോം ജോസഫ് എന്ന കളിക്കാരനെ സാങ്കേതിക തികവുള്ളവനാക്കി. ഇന്ത്യന്‍ വോളിബോളിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നാണ് വിദേശമാധ്യമങ്ങളും താരങ്ങളുമെല്ലാം ടോംജോസഫിനെ വിശേഷിപ്പിക്കാറ്. അത്രമാത്രം നേട്ടങ്ങളുടെ ഉടമയാണ് ജിമ്മിജോര്‍ജിനുശേഷം ഇന്ത്യകണ്ട എക്കാലത്തേയും മികച്ച വോളിബോള്‍ താരമെന്ന ഖ്യാതി നേടിയ മലയാളി ടോം ജോസഫ്. രാജ്യം കായികരംഗത്തെ മികവിന് നല്‍കുന്ന രണ്ടാമത്തെ ഏറ്റവും വലിയ പുരസ്‌കാരമായ അര്‍ജുന അവാര്‍ഡ് വരെ അംഗീകാരമായി ടോമിനെ തേടിയെത്തിയിട്ടുണ്ട്.
വോളിബോളിലേക്ക് കേരളത്തില്‍ നിന്ന് താരങ്ങള്‍ ഉയര്‍ന്നവരാത്തത് ഒരു കളിക്കാരനെന്ന നിലയില്‍ സങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ടോം പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള കായിക ഇനമായിരുന്നിട്ടുകൂടി മേഖലയെ പുതുതലമുറ കൈവിട്ടുകൊണ്ടിരിക്കുകയാണ്.
ഈ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കുന്നില്ലെന്നും ടോം പ്രതികരിച്ചു. കാവിലുംപാറ പൂതംപാറയിലെ കര്‍ഷകനായ കുന്നപ്പള്ളി ജോസഫിന്റയും ഏലിക്കുട്ടിയുടെയും മകനാണ് ടോം. ചാത്തങ്കോട്ടുനട ഹൈസ്‌കൂളിലെ അധ്യാപികയായ ജാനറ്റാണ് ഭാര്യ. റിയ, സ്റ്റുവര്‍ട്ട് മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."