പോയകാല വോളിയുടെ പ്രതാപവുമായി പോക്കര്‍ ഹാജി
കക്കട്ടില്‍: കടത്തനാടിന്റെ കായിക മാമാങ്കമായ കൈപ്പന്തുകളിയെ നെഞ്ചേറ്റിയും പോയകാലത്തിന്റെ കളിയോര്‍മകളെ പങ്കുവച്ചും ഒരു കാരണവരുണ്ടിവിടെ. വോളിബോളെന്നു കേട്ടാല്‍ ഇപ്പോഴും ആവേശം അരിച്ചുകയറുന്ന പോക്കര്‍ ഹാജി. കഴിഞ്ഞ ആറുപതിറ്റാണ്ട് കാലത്തെ വോളി ഓര്‍മകള്‍ അയവിറക്കുകയാണ് കക്കട്ടിലെ ചേണികണ്ടി പോക്കര്‍ ഹാജി. വോളിബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കുളങ്ങരത്ത് നിരവധി താരങ്ങളെ വാര്‍ത്തെടുത്ത കളിയാരവങ്ങളുടെ ചുക്കാന്‍ പിടിച്ചയാളാണ് ഇദ്ദേഹം.
വോളിബോള്‍ ടൂര്‍ണമെന്റ് നടക്കുന്നുണ്ട് എന്നറിഞ്ഞാല്‍ ഊരു നോക്കാതെ അവിടങ്ങളിലൊക്കെ സാന്നിധ്യമറിയിക്കുന്നത് ഇദ്ദേഹത്തിന്റെ കളിക്കമ്പത്തെയാണ് അറിയിക്കുന്നത്. കടയും പൂട്ടി കളി കാണാനെത്തി ഹരം പകരുകയായിരുന്നു പോക്കര്‍ ഹാജി. ഇരിങ്ങല്‍ പപ്പന്‍, കാട്ടില്‍ അബ്ദുറഹ്മാന്‍, വട്ടക്കണ്ടി ദാമോദരന്‍, വട്ടോളി ചന്ദ്രന്‍ എന്നിവരുള്ള ടീമുകള്‍ തമ്മിലാണ് കളിയെങ്കില്‍ ഹാജിയും സംഘവും നേരത്തെ തന്നെ കളിസ്ഥലത്തെത്തി ഇരിപ്പിടമുറപ്പിക്കും. കുറ്റിപ്പുറം കോവിലകം പരിസരത്തും വടകരയിലും വട്ടോളിയിലും പോയി കളി കാണാറുള്ള സമയത്തു തന്നെ തന്റെ സ്വന്തം നാടായ കുളങ്ങരത്തെ കളി മുടങ്ങാതെ കാണാറുണ്ട് അദ്ദേഹം.
തുന്നിക്കെട്ടിയ ബോളും ചൂടിക്കയര്‍ നിണഞ്ഞു കെട്ടിയ നെറ്റുമുപയോഗിച്ച് വൈകുന്നേരങ്ങളില്‍ സ്ഥിരമായി കളിക്കാനെത്തുന്ന കുട്ടികള്‍ക്കും പ്രോത്സാഹനം നല്‍കാന്‍ ഹാജിയാര്‍ സമയം കണ്ടെത്തിയിരുന്നു. പന്തുപൊട്ടിയാല്‍ പിന്നെ കളി മുടങ്ങും.
പിന്നെ വടകരയില്‍നിന്നു പന്ത് എത്തിക്കുന്നതിന്റെ നെട്ടോട്ടത്തിലാവും പോക്കര്‍ ഹാജി. കളികള്‍ക്കിടയില്‍ എത്ര വലിയ തര്‍ക്കമുണ്ടായാലും സംഘട്ടനങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്തതും അന്നത്തെ പ്രത്യേകതയായിരുന്നു. മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ പന്തുകളി നല്ല പങ്കുവഹിച്ചിരുന്നതായും ഹാജി സാക്ഷ്യപ്പെടുത്തുന്നു. പുത്തുച്ചാലില്‍ കുഞ്ഞിരാമന്‍, പാറച്ചാലില്‍ അമ്മദ് സ്മാരക റോളിങ് ട്രോഫി ടൂര്‍ണമെന്റുകള്‍ ഇതിനുദാഹരണങ്ങളാണ്. കളിക്കളത്തില്‍ പ്രതിരോധവും ആക്രമണവും തീര്‍ത്ത മുന്‍നിര കളിക്കാരെ കുളങ്ങരത്ത് എത്തിച്ച് കളിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഇദ്ദേഹം പങ്കുവയ്ക്കുന്നു. പണ്ടുകാലങ്ങളില്‍ വയലുകളായിരുന്നു കളിസ്ഥലങ്ങള്‍. കളിയാരവം കഴിഞ്ഞാല്‍ നിലം ഉഴുതുമറിച്ച് ഉടമയ്ക്ക് കൃഷിയോഗ്യമാക്കി തരാമെന്ന ഉറപ്പിലായിരുന്നു ഇത് കളിസ്ഥലമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നു വേണ്ടത്ര കളിക്കളങ്ങള്‍ ഇല്ലാത്തതിന്റെയും പഴയകാലത്തിന്റെ വീറും വാശിയും നഷ്ടപ്പെട്ടതിന്റെയും ദുഃഖം ഇദ്ദേഹത്തിനുണ്ട്.
ഒരു പ്രദേശത്തുകാര്‍ ഒന്നടങ്കം നെഞ്ചേറ്റിയ കുളങ്ങരത്തിന്റെ വോളീപ്രതാപം സംസ്ഥാനപാത വികസനത്തോടെ അസ്തമിച്ചു പോയതും വലിയ നഷ്ടമാണ്. പിന്നീട് കളിക്കളത്തിനായി നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്താത്തതും വോളിയെ ഇല്ലാതാക്കി. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, നന്ദന്‍ കക്കട്ടില്‍ എന്നിവരുടെ കീഴില്‍ കുളങ്ങരത്തെ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി നിരവധി പേരെ വോളിബോള്‍ താരങ്ങളാക്കാന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലാണ് ഇന്ന് പോക്കര്‍ ഹാജി. നിലവില്‍ റവന്യൂ പുറമ്പോക്കില്‍ മൂന്ന് സെന്റ് സ്ഥലം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനിടയിലും തന്നാല്‍ കഴിയുന്ന പിന്തുണയും പ്രോത്സാഹനവും നല്‍കി വരികയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."