ആരുണ്ട് ചോദിക്കാന്‍..!
കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ അനധികൃത ബങ്കുകള്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവ സമയത്ത് എടുത്തു മാറ്റിയ 25ലധികം ബങ്കുകളില്‍ പലതും നഗരത്തില്‍ പുനസ്ഥാപിച്ചു. പുതുതായി പലയിടത്തും ബങ്കുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബങ്കുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്. ബങ്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനും കൗണ്‍സിലര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയത്തില്‍ ഒരുപോലെ മൗനത്തിലാണ്. പല സ്ഥലത്തും വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന രീതിയിലാണ് ബങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിനോദ നികുതി അടക്കുന്നില്ലെന്ന കാരണം പറഞ്ഞ് കോര്‍പറേഷന്‍ അടച്ചുപൂട്ടിയ പയ്യാമ്പലം പാര്‍ക്കിന്റെ പരിസരങ്ങളില്‍ വര്‍ഷങ്ങളായി അനധികൃത ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള ബങ്കുകള്‍ പക്ഷെ പരിസരത്താകെ കസേരകളും മേശയും നിരത്തി ഹോട്ടല്‍ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ്ഫുഡ് അടക്കമുള്ളവ വില്‍പന നടത്തുന്ന ഇത്തരം ബങ്കുകളിലെ ഭക്ഷണ ഗുണനിലവാരത്തെക്കുറിച്ച് ഒരു പരിശോധനയും നടക്കുന്നുമില്ല.
മേല്‍വാടക വാങ്ങി മറിച്ചു വില്‍ക്കല്‍ തുടരും
കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ബങ്കുകളുടെയും ലൈസന്‍സ് വാങ്ങിയ ആളുകളല്ല അവ നടത്തുന്നതെന്ന് പരിശോധിച്ചാല്‍ മനസിലാകും. കോര്‍പറേഷനില്‍ തുച്ഛമായ തുക ലൈസന്‍സ് ഫീസ് അടച്ച് നടത്തിപ്പിന് അനുമതി വാങ്ങുന്നവര്‍ വലിയ തുകക്ക് ബങ്കുകള്‍ മറിച്ചു വില്‍പ്പന നടത്തുകയാണെന്നത് പരസ്യമായ രഹസ്യമാണ്. ദിനംപ്രതി വലിയ കച്ചവടം നടക്കുന്ന ബങ്കുകള്‍ക്കായി കോര്‍പറേഷന്‍ ഈടാക്കുന്നത് വെറും തുച്ഛമായ തുകയാണ്. രണ്ട് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ നീളവുമുള്ള ഒരു ബങ്കിന് നിലവില്‍ മാസംപ്രതി കോര്‍പറേഷന്‍ ഈടാക്കുന്ന ലൈസന്‍സ് ഫീസ് 580 രൂപയാണ്. അടുത്ത വര്‍ഷത്തേക്ക് ഇത്തരമൊരു ബങ്കിന് ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ബങ്കിന് നൂറുശതമാനം വര്‍ദ്ധനവു വരുത്തിയാലും അധികമാവില്ലെന്നതാണ് വസ്തുത. നിലവില്‍ കോര്‍പറേഷന്‍ പരിധിയിലെ ചില ബങ്കുകളുടെ ലൈസന്‍സ് ഫീസുകളില്‍ 15 ശതമാനത്തിന്റെയും മറ്റു ചിലതില്‍ 50 ശതമാനത്തിന്റെയും വര്‍ധനവാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ കോര്‍പറേഷന്‍ യോഗത്തില്‍ ഇത് അജണ്ടയായി വന്നപ്പോള്‍ ചില കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് ബങ്കുകളുടെ ഫീസ് നിരക്ക് കൂട്ടുന്നതിലുള്ള അജണ്ട മാറ്റിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."