പാകിസ്താന്‍ സഊദിയിലേക്ക് സൈന്യത്തെ അയക്കുന്നു
ഇസ്‌ലാമാബാദ്: നിര്‍ണായകമായ നയതന്ത്ര നീക്കവുമായി പാകിസ്താന്‍ രംഗത്ത്. സഊദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതായി പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വ അറിയിച്ചു. പാകിസ്താനിലെ സഊദി അംബാസഡര്‍ നവാപ് സഈദ് അല്‍ മാലിക്കിയുമായി റാവല്‍പിണ്ടിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
യമനിലെ ഐ.എസ് വിരുദ്ധ സഖ്യസൈന്യത്തില്‍ ചേരാന്‍ നിരവധി തവണ സഊദി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് പാകിസ്താന്‍ തയാറായിരുന്നില്ല. സഊദി സഖ്യസേനയോട് ചേരാനില്ലെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, സൈന്യം യമന്‍ ദൗത്യത്തില്‍ ഇടപെടില്ലെന്നാണു വിവരം.
സഊദിയില്‍ സൈന്യത്തിന്റെ ദൗത്യം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഉപദേശക, പരിശീലക ദൗത്യമായിരിക്കും സൈന്യം ഏറ്റെടുക്കുകയെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിനു പുറത്ത് സൈന്യത്തെ വിന്യസിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യമനിലെ സൈനികദൗത്യത്തിലേക്ക് നാവിക-വ്യോമസൈന്യത്തെ അയക്കണമെന്ന് സഊദി നിരവധി തവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ശീഈ-സുന്നി ചേരിതിരിഞ്ഞു സംഘര്‍ഷം നടക്കുന്ന യമന്‍ യുദ്ധത്തില്‍ നിഷ്പക്ഷത പാലിക്കാന്‍ പാക് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ തീരുമാനമാകുകയും ചെയ്തിരുന്നു.
പാകിസ്താന്‍ മുന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ റാഹീല്‍ ശരീഫ് ആണ് ഇപ്പോള്‍ സഊദി സഖ്യസേനയുടെ മേധാവി. സഊദിയിലെ വിശുദ്ധ നഗരങ്ങളില്‍ 800ഓളം പാക് സൈനികര്‍ നേരത്തെ തന്നെ സുരക്ഷാ ചുമതലയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."