ചരിത്രദൗത്യത്തിനു തിരിച്ചടി; റോഡ്സ്റ്റര്‍ കാര്‍ ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് നിഗമനം
ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച 'ഫാല്‍ക്കണ്‍ ഹെവി' ദൗത്യത്തില്‍ തിരിച്ചടിയുണ്ടായേക്കുമെന്നു സൂചന. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള യു.എസ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയച്ച സ്‌പോര്‍ട്‌സ് കാര്‍ ഭൂമിയിലേക്കു തകര്‍ന്നു വീഴാനിടയുണ്ടെന്നു വിദഗ്ധര്‍. റോക്കറ്റില്‍ പേലോഡായി വിക്ഷേപിച്ച ടെസ്‌ലയുടെ റോഡ്സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറാണ് ഭൂമിയില്‍ പതിക്കാനിരിക്കുന്നത്.
ഈ മാസം ആറിന് ചൊവ്വയെ ലക്ഷ്യമാക്കിയാണ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. എന്നാല്‍, ലക്ഷ്യം തെറ്റിയ റോഡ്സ്റ്റര്‍ കാര്‍ ബഹിരാകാശത്ത് ഏകാന്തസഞ്ചാരം നടത്തുകയായിരുന്നു. നിലവില്‍ കാര്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണു വിവരം. പതിറ്റാണ്ടുകളോളം ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന റോഡ്സ്റ്റര്‍ 2091 ആകുമ്പോഴേക്കും ഭൂമിയോട് അടുക്കുമെന്നാണു നേരത്തെ ശാസ്ത്രസംഘം അറിയിച്ചിരുന്നത്. കോടിക്കണക്കിനു വര്‍ഷം കാര്‍ സൂര്യനെ വലംവയ്ക്കുമെന്ന് ഒരു വിഭാഗവും അറിയിച്ചിരുന്നു.
കാര്‍ ഭൂമിയിലേക്കു തകര്‍ന്നുവീഴാന്‍ ആറു ശതമാനം സാധ്യതയാണു കല്‍പിക്കപ്പെടുന്നത്. ചൊവ്വയെ നിരീക്ഷിച്ച് ഫോട്ടോകള്‍ എടുത്ത് ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനം കാറില്‍ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഏതാനും ഫോട്ടോകള്‍ ഭൂമിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."